തൃശൂർ: കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഗൗരവമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുതിര കച്ചവട രാഷ്രീയം കേരളത്തിലേക്കും വരുന്നത് ഗൗരവതരമെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം വഴി തെറ്റരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെയുണ്ടായ കോഴ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാളച്ചന്തയിലെ കാളകളെപ്പോലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കുതിരക്കച്ചവട രാഷ്ട്രീയം നിലവിലുണ്ട്. അത് കേരളത്തിലേക്കും വരുന്നുവെന്നത് ഗൗരവകരമാണ്. അത് ജനാധിപത്യമൂല്യങ്ങള്‍ക്ക് എതിരാണെന്നും ആരോപണത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം സത്യത്തിന്‍റെ വഴിയെ പോകണമെന്നും വസ്‌തുതയുണ്ടെങ്കില്‍ ആരോപണ വിധേയര്‍ക്ക് എല്‍ഡിഎഫില്‍ തുടരാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്‍ഡിഎഫ് എംഎല്‍എമാരായ ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും കൂറുമാറുന്നതിന് വേണ്ടി 50 കോടി വീതം വാഗ്‌ദാനം ചെയ്‌തുവെന്നാണ് തോമസിനെതിരെയുളള ആരോപണം. എൻസിപി അജിത് പവാർ പക്ഷത്ത് എത്തിക്കാനായിരുന്നു ശ്രമം. ഇത് സംബന്ധിച്ച് രഹസ്യവിവരം മുഖ്യമന്ത്രിക്ക് ലഭിച്ചതോടെയാണ് തോമസ് കെ തോമസിന്‍റെ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതെന്നുമാണ് സൂചന. അതേസമയം കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് രംഗത്തെത്തിയിരുന്നു.
Also Read: ഉത്തരേന്ത്യൻ മോഡൽ കുതിര കച്ചവടം കേരളത്തിലേക്കും? തോമസ് കെ തോമസിനെതിരെ ഗുരുതര ആരോപണം