കോഴിക്കോട്: പട തീർക്കാൻ പടത്തലവൻമാരാക്കിയവരെ ചൊല്ലി പൊല്ലാപ്പായെന്ന് കേരളത്തിലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അടക്കം പറച്ചില്‍. 'ഗ്രൂപ്പുണ്ടായിരുന്ന കാലത്ത് മറുഗ്രൂപ്പിനെ മറികടക്കാൻ വേണ്ടിയായിരുന്നെങ്കിലും അടിത്തട്ടിൽ പ്രവർത്തനം നടന്നിരുന്നു. ഇപ്പോൾ അടിയുമില്ല തട്ടുമില്ല എല്ലാം നിശ്ചലം. പ്രവർത്തകർ ഇല്ലെങ്കിൽ പിന്നെ എന്ത് പാർട്ടി..?' രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞതാണിത്.
മൈക്കും നാലാളേയും കണ്ടാൽ പാർട്ടിയുടെ കുറ്റങ്ങൾ വിളമ്പുന്നവർ രാഷ്ട്രീയ കാര്യ സമിതിയിൽ മൗനികളായി ഇരുന്നു. ഒറ്റക്കൊറ്റക്ക് ഹൈക്കമാന്‍ഡിനോട് കുറ്റം പറയനാണ് അവർക്ക് താത്പര്യം. ഈ നിലയിൽ പോയാൽ പിസിസി (പ്രദേശ് കോൺഗ്രസ് കമ്മറ്റി) ഉണ്ടാകും, പക്ഷേ ഭരണം കിട്ടില്ല. ബംഗാളിലേയും തമിഴ്‌നാട്ടിലേയും ഒറീസയിലേയുമെല്ലാം ഗതി കേരളത്തിലും വരും എന്നും പേര് വെളിപ്പെടുത്താനാകാത്ത ഒരു പ്രമുഖ നേതാവ് പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പുതിയ നേതൃത്വം വന്നതിന് പിന്നാലെ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ 3 സീറ്റ് വിജയിച്ചത് ചൂണ്ടുപലയാക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. 2011ലും 16 ലും 21ലും ഈസിയായി ജയിച്ച സീറ്റാണ് തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും എന്നും നേതാവ് പറയുന്നു.
"ലോക്‌സഭ തെരഞ്ഞെടുപ്പിൽ 2019 നെ അപേക്ഷിച്ച് 2024ൽ 6 ലക്ഷത്തിലേറെ വോട്ടിന്‍റെ കുറവാണ് കോൺഗ്രസിനുണ്ടായത്. ആറര ലക്ഷം പുതിയ വോട്ടർമാർ വന്നിട്ടും അതിന്‍റെ ഗുണം കോൺഗ്രസിന് ലഭിച്ചില്ല. ഭൂരിപക്ഷം കൂടിയ മണ്ഡലത്തിലും കിട്ടിയ വോട്ടിൽ ചോർച്ച ഉണ്ടായി," - നേതാവ് ചുണ്ടിക്കാട്ടി
രാഹുൽ ഗാന്ധിക്ക് പോലും ഭൂരിപക്ഷത്തിൽ ഇടിവുണ്ടായി. രാജ്യത്തുടനീളം ഒരു കോടി 93 ലക്ഷം വോട്ട് കോൺസിന് കൂടിയപ്പോൾ കേരളത്തിൽ നിന്ന് ഒന്നും കൂട്ടിയിടാൻ കിട്ടിയില്ല. ഗ്രൂപ്പില്ലാത്ത കോൺഗ്രസ് നിർജീവമാണെന്നത് വരും തെരഞ്ഞെടുപ്പുകളിൽ മനസിലാകും. ഇതേ അഭിപ്രായമാണ് അക്കമിട്ട് രാഷ്ട്രീയ കാര്യ സമിതിയിൽ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലാദ്യമായി കേരളത്തിൽ എൽഡിഎഫ് തുടർ ഭരണത്തിലേറിയപ്പോഴാണ് കോൺഗ്രസ് നേതൃസ്ഥാനങ്ങളിൽ മൊത്തം അഴിച്ചുപണി നടന്നത്. കെ സി വേണുഗോപാലിന്‍റെ ആശീർവാദത്തോടെ ഹൈക്കമാന്‍ഡ് നിർദേശിച്ചവർ വൈകാതെ രണ്ട് തട്ടിലായെന്നാണ് പ്രവർത്തകർ പറയുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നായിരുന്നു പരാതിയെങ്കിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നിർജീവമായതിലായിരുന്നു പ്രവർത്തകർക്ക് സങ്കടം. കിഴക്കോട്ട് വിളിച്ചാൽ വടക്ക് പടിഞ്ഞാറ് മൂലയിലേക്ക് പോകുന്ന അവസ്ഥയിലേക്ക് എത്തി നേതാക്കൾ എന്നും പ്രവകർത്തകർക്കിടയിൽ അടക്കം പറച്ചിലുണ്ടായി.
കേരളത്തിൽ ഈ സാഹചര്യത്തിലെങ്കിലും തിരിച്ച് വന്നില്ലെങ്കിൽ ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് ഹൈക്കമാന്‍ഡിന് വരെ മനസിലായി കഴിഞ്ഞെന്നും ചിലർ പരിഹസിക്കുന്നു. അതിനിടയിൽ കിട്ടുന്നവരയൊക്കെ കൂട്ടി രമേശ് ചെന്നിത്തലയും സമാന്തരമായി നീങ്ങിയതോടെ സംഗതി കൂടുതൽ കുഴപ്പത്തിലായെന്നാണ് പറയപ്പെടുന്നത്. പ്രസിഡണ്ടിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റണമെന്ന ആവശ്യത്തിന് ശബ്‌ദം കൂടിയതും ഇതിന് പിന്നാലെയാണ്. 'സ്ഥാനത്ത് കടിച്ച് പിടിച്ച് തൂങ്ങാൻ താനില്ല' എന്ന് കെ സുധാകരൻ പറഞ്ഞതിൽ നിന്ന് കാര്യങ്ങളൊക്കെ വ്യക്തമാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
എന്നാൽ ഒരുമിച്ച് വന്നവർ ഒരുമിച്ച് തന്നെ മാറട്ടെ എന്ന് പറയുന്നവർ പ്രതിപക്ഷ നേതാവിനെ കൂടി ഉന്നം വെക്കുകയാണ്. അതിനുള്ള പരാതികളിൽ 'ജാതിമത സംഘടനകളുടെ പിൻബലം' പ്രതിപക്ഷ നേതാവിന് ഇല്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അവിടെയാണ് വിഡി സതീശൻ ചില പലകകൾ ചൂണ്ടായി ഉപയോഗപ്പെടുത്തുന്നത്. സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പ് ലോക്‌സഭ വിജയങ്ങൾ, നിയമസഭയിൽ ഉറപ്പായും ജയിക്കുന്ന 63 സീറ്റുകൾ എന്നിവയാണത്.
യുഡിഎഫ് കൺവീനർ എന്ന നിലയിലടക്കം നിയമസഭ തെരഞ്ഞെടുപ്പ് നയിക്കാനുള്ള അവസരം കൂടിയാണ് സതീശൻ ചോദിക്കുന്നത്. ലക്ഷ്യം ഒന്ന് മാത്രം, എന്നാൽ അതേ റൂട്ടിൽ രമേശ് ചെന്നിത്തലയുമുണ്ട്. ഹൈക്കമാന്‍ഡിന് തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥ.
പുന:സംഘടന നടപ്പിലായാൽ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് നിരവധി പേരുകൾ കേൾക്കുന്നുണ്ട്. ആന്‍റോ ആന്‍റണി, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, എ പി അനിൽ കുമാർ എന്നിവരും കിട്ടിയ ചാൻസിൽ ഏകോപനമുണാക്കിയ എം എം ഹസനും പട്ടികയിലുണ്ട്. പ്രതിപക്ഷ നേതാവിനെ കൂടി മാറ്റാൻ തീരുമാനിച്ചാൽ എല്ലാ പേരുകളും തഴയപ്പെടും.
ഒരു സമവായം എന്ന നിലയിൽ രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്‍റാക്കിയേക്കാം. സണ്ണി ജോസഫോ തിരുവഞ്ചൂരോ പ്രതിപക്ഷ നേതാവുമായേക്കാം. എന്നാൽ കെ സി വേണുഗോപാലിന്‍റെ അഭിപ്രായം ഇതിലൊക്കെ നിർണ്ണായകമാകും. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് അഴിച്ചു പണി ഉണ്ടായിട്ടില്ലെങ്കിൽ പിന്നെ അത് നിയസഭ അങ്കവും കഴിഞ്ഞേ ഉണ്ടാകൂ എന്നാണ് സൂചന.