എറണാകുളം : രാജസ്ഥാനിലെ അജ്‌മീറിൽ നിന്ന് സാഹസികമായി മോഷ്‌ടാക്കളെ പിടികൂടി കേരള പൊലീസിൻ്റെ അഭിമാനമായ അന്വേഷണ സംഘത്തിന് അനുമോദനം. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അഭിനന്ദന പത്രം കൈമാറി. ജില്ല പൊലീസ് ആസ്ഥാനത്തായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
അസാമാന്യ ധൈര്യമാണ് അന്വേഷണ സംഘം പ്രകടിപ്പിച്ചതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. അർപ്പണ മനോഭാവമാണ് ഇതിന് പിന്നിലെന്നും ഇവർ സേനയ്ക്ക് അഭിമാനമാണന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന് ഡിജിപി യുടെ ക്യാഷ് അവാർഡുൾപ്പടെയുള്ള പുരസ്ക്കാരത്തിന് ശുപാർശ ചെയ്യും.
അജ്‌മീറിൽ അറസ്റ്റ് ചെയ്‌ത പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അവിടത്തെ പൊലീസിന്‍റെ സഹായം വലിയ തോതിൽ ലഭിച്ചതായും എസ്‌പി പറഞ്ഞു. എഎസ്‌പി ട്രെയ്‌നി അഞ്ജലി ഭാവന, ഡി വൈഎസ്‌പിഎ പ്രസാദ്, ഇൻസ്പെക്‌ടർ എം എം മഞ്ജു ദാസ്, എസ്ഐ എസ് എസ് ശ്രീലാൽ, സിപിഒമാരായ കെ എം മനോജ്, വി എ അഫ്‌സൽ, മാഹിൻഷാ, മുഹമ്മദ് അമീർ തുടങ്ങിയവർ ജില്ല പൊലീസ് മേധാവിയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ആലുവയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് സ്വർണവും പണവും മോഷ്‌ടിച്ച കേസിലെ പ്രതികളെ രാജസ്ഥാനിലെ അജ്‌മീറിൽ നിന്നും കൊച്ചി പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. അജ്‌മീർ പൊലീസിൻ്റെ സഹായത്തോടെയാണ് ആലുവയിൽ നിന്നും അജ്‌മീറിലെത്തിയ അഞ്ചംഗ പൊലീസ് സംഘം പ്രതികളെ കഴിഞ്ഞ ചൊവ്വാഴ്‌ച (20-02-2024) രാത്രി പിടികൂടിയത്.
ഉത്തരാഖണ്ഡ് സ്വദേശികളായ പ്രതികൾ പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപെടാനുള്ള ശ്രമം നടത്തിയിരുന്നു. രാജസ്ഥാനിൽ അജ്‌മീർ ദർഗക്ക് സമീപം ആൾക്കൂട്ടത്തിനിടയിൽ നിന്ന് പിടിക്കാനുള്ള ശ്രമത്തിനിടയിൽ ആയുധധാരികളായ പ്രതികൾ മൂന്ന് തവണ പൊലീസിനെതിരെ വെടിവച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
അതേസമയം പ്രതികളുടെ ആക്രമണത്തിൽ അജ്‌മീർ പൊലീസിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഇവർക്കെതിരെ രാജസ്ഥാൻ പൊലീസ് വധ ശ്രമത്തിന് കേസെടുത്തു. ഫെബ്രുവരി ഒമ്പതാം തീയതി രാത്രി പത്തര മണിയോടെയായിരുന്നു ആലുവയിൽ വീട്ടുകാരില്ലാത്ത രണ്ടു വീടുകളിൽ മോഷണം നടന്നത്.
ആലുവ കുട്ടമശ്ശേരി മുഹമ്മദലിയുടെ വീട്ടിലും എസ്‌പി ഓഫിസിന് സമീപം മൂഴയിൽ ബാബുവിൻ്റെ വീട്ടിലുമായിരുന്നു കവർച്ച നടന്നത്. വീട്ടുകാരില്ലാത്ത സമയത്ത് കതക് തകർത്തായിരുന്നു മോഷ്‌ടാക്കൾ അകത്ത് കടന്നത്. മുഹമ്മദലിയുടെ വീട്ടിൽ നിന്ന് 18 പവൻ സ്വർണവും 12500 രൂപയുമാണ് നഷ്‌ടപ്പെട്ടത്. ബാബുവിൻ്റെ വീട്ടിൽ നിന്ന് 20 പവൻ സ്വർണവും ഇരുപതിനായിരം രൂപയുമാണ് പ്രതികൾ കവർന്നത്.
പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. അന്യസംസ്ഥാനക്കാരാണെന്ന നിഗമനത്തിൽ ലോഡ്‌ജുകളും സിസിടിവി കാമറകളും പരിശോധിച്ചാണ് പ്രതികളെ കുറിച്ച് ആലുവ പൊലീസിന് സൂചന ലഭിച്ചത്. ആലുവ റൂറൽ എസ്‌പി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് രാജാസ്ഥാനിലെത്തി പ്രതികളെ പിടികൂടിയത്.