എറണാകുളം: കൂറുമാറുമെന്ന് ഭയന്ന് കൂത്താട്ടുകുളം സിപിഎം കൗൺസിലറെ കടത്തി കൊണ്ടുപോയതായി പരാതി. സിപിഎം കൗൺസിലർ കലാരാജുവിനെയാണ് കാറിൽ കടത്തിക്കൊണ്ടുപോയതായി പരാതി ഉയർന്നിരിക്കുന്നത്. കൗണ്‍സിൽ യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സണും വൈസ് ചെയർമാനും എതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെയാണ് സംഭവം.
പൊലീസുകാർ നോക്കിനിൽക്കെയാണ് കൗൺസിലറെ തട്ടികൊണ്ടുപോയതെന്നാണ് ആരോപണം. ഇരുപതോളം ആളുകൾ ചേർന്നാണ് കലയെ വാഹനത്തിലേക്ക് കയറ്റിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
മൂന്നു കാറുകളിലായി എത്തിയ യുഡിഎഫ് കൗൺസിലർമാർക്കൊപ്പമായിരുന്നു എൽഡിഎഫ് കൗൺസിലർ കലാരാജു ഉണ്ടായിരുന്നത്. യുഡിഎഫിന്‍റെ കൗൺസിലറെ മൂക്കിന് ഇടിച്ചു വീഴ്ത്തിയ ശേഷം കലാരാജുവിനെ 20 അംഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുഡിഎഫിലെ 11 കൗൺസിലർമാർ ചേർന്നാണ് അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നത്. ചെയർപേഴ്‌സണെതിരേയുള്ള അവിശ്വാസപ്രമേയം രാവിലെ 11-നും വൈസ് ചെയർമാനെതിരേയുള്ള അവിശ്വാസപ്രമേയ ചർച്ച ഉച്ച കഴിഞ്ഞ് മൂന്നിനുമാണ് തീരുമാനിച്ചിരുന്നത്.
ഇടതുപക്ഷം നേതൃത്വം നൽകുന്ന ഭരണസമിതിയിൽ 25 കൗൺസിലർമാരാണ് ആകെ ഉള്ളത്. ഇതിൽ 13 പേർ എൽഡിഎഫും 11 പേർ യുഡിഎഫും ഒരു സ്വതന്ത്രനുമാണുള്ളത്. യുഡിഎഫ് കൗൺസിലർമാർക്ക് പൊലീസ് സംരക്ഷണം നൽകുന്നതിന് ഉത്തരവായിട്ടുണ്ട്.
അവിശ്വാസപ്രമേയത്തിന്മേൽ ചർച്ച നടക്കുന്നതിന് തൊട്ടുമുൻപ് വ്യാഴാഴ്‌ച അടിയന്തര കമ്മിറ്റി ചേർന്നതു സംബന്ധിച്ച് യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു. യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. അനുവാദം വാങ്ങി മൂന്ന് ഇടതുപക്ഷ കൗൺസിലർമാരും ഹാജരായില്ല.