എറണാകുളം: പൊലീസിൽ പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ലന്ന് നിവിൻ പോളി അന്നേ പറഞ്ഞിരുന്നുവെന്ന് നടനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ പരാതിക്കാരി. ഗണേഷ് കുമാർ ഉൾപ്പടെയുളള മന്ത്രിമാർ തങ്ങളെ സഹായിക്കുമെന്നും നിവിൻ പോളി പറഞ്ഞതായും പരാതിക്കാരി പറഞ്ഞു. കോതമംഗലം സ്വദേശിയായ പരാതിക്കാരി ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു.
ദുബായിലെ മുറിയിൽ തന്നെ പുട്ടിയിട്ട് ശാരീരിക പീഡനത്തിന് ഇരയാക്കിയ വേളയിലായിരുന്നു ഈ കാര്യം തന്നോട് പറഞ്ഞത്. ജൂൺ മാസത്തിൽ ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയായി എത്തിയപ്പോൾ അത് ബോധ്യമായെന്നും അവർ പറഞ്ഞു. തങ്ങൾക്ക് പറയാനുള്ളത് കേൾക്കാതെ പരാതി വ്യാജമാണെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
ഉന്നുകൽ പൊലീസ് തൻ്റെ പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തി. ദുബായിൽ നടന്ന സംഭവത്തിൽ കേസ് നൽകേണ്ടത് അവിടെയാണെന്ന് പൊലീസ് പറഞ്ഞതായും പരാതിക്കാരി പറഞ്ഞു. നിവിൻ പോളിയുടെയും നിർമാതാവ് സുനിലിൻ്റെയും ആളുകൾ തങ്ങളെ ഹണിട്രാപ്പ് കപ്പിൾസ് എന്ന നിലയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു.
ഇതിനെതിരെയും ഊന്നുകൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലും പൊലീസ് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. തെളിവുകൾ ഹാജരാക്കാൻ തങ്ങളോട് ആവശ്യപ്പെട്ടുവെന്നും പരാതിക്കാരി ആരോപിച്ചു.
ദുബായിൽവച്ച് പീഡനത്തിനിരയാക്കിയ നിവിൻ പോളിയും സംഘവും പരാതി നൽകിയാൽ വീട്ടിൽ ഗുണ്ടകളെ അയച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എറണാകുളത്തെ തങ്ങളുടെ വീടിനു മുന്നിൽ നിരവധി തവണ അപരിചിതരായ ആളുകൾ വാഹനങ്ങളിലെത്തി നിരീക്ഷണം നടത്തിയതായും പരാതിക്കാരി വെളിപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടന്മാർക്കെതിരെ പരാതി ഉയരുകയും പ്രത്യേക അന്വേഷണ സംഘം നിലവിൽ വരികയും ചെയ്‌ത ധൈര്യത്തിലാണ് പരാതിയുമായി മുന്നോട്ട് വന്നത്. ഇനി നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. നിവിൻ പോളിക്കും സംഘത്തിനുമെതിരെ ഉന്നയിച്ച പീഡന പരാതി തെളിയിക്കാൻ ആവശ്യമായ ഡിജിറ്റല്‍ തെളിവുകൾ ഉൾപ്പടെ കയ്യിലുണ്ട്. നാളെ രാവിലെ പത്തുമണിയോടെ പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ തെളിവുകൾ ഉൾപ്പടെ അന്വേഷണ സംഘത്തിന് കൈമാറുമെന്നും പരാതിക്കാരി വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നവംബർ മാസത്തിൽ ദുബായിൽ ജോലി ചെയ്യവെ ശ്രേയ എന്ന യുവതി യുറോപ്പിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു. തുടര്‍ന്ന് ഇവർ സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് നിർമാതാവ് സുനിലിന് മുന്നിലെത്തിച്ചു. അവിടെവച്ച് അയാൾ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
ഇതേ തുടർന്നാണ് നിവിൻ പോളിയും സംഘവും മുറിയിൽ പൂട്ടിയിട്ട് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്. അതേസമയം പരാതിക്കാരിയെ തനിക്ക് അറിയുക പോലുമില്ലന്നും വ്യാജ പരാതിയാണെന്നും പറഞ്ഞുകൊണ്ട് നടന്‍ നിവിൻ പോളിയും രംഗത്തുവന്നു. പീഡനപരാതി ഉന്നയിച്ച പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.