എറണാകുളം: മഹാദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന വയനാടിനായി കൊകോർത്ത് നാട്. വയനാടിനൊരു കൈത്താങ്ങിനായി കൊച്ചിയിൽ കലക്ഷൻ സെൻ്റർ പ്രവർത്തനം തുടങ്ങി. ഹൈക്കോടതി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചു. വയനാട്ടിലെ ദുരിത ബാധിതർക്ക് കഴിയാവുന്ന സഹായം നമ്മൾ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അത് നമ്മുടെ കർത്തവ്യമാണ്. സാധനങ്ങളേക്കാൾ ഉപരി സഹായം പണമായി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സേനകൾക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ നിരവധി ജനങ്ങളാണ് നേരിട്ട് പങ്കെടുക്കുന്നത്. സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് അവർ സേവനം ചെയ്യുന്നത്. ദുരിതാശ്വസ പ്രവർത്തനം നടത്തുന്ന ജനങ്ങളുടെ പേരിൽ അഭിമാനിക്കുകയാണ്. ലോകത്ത് എവിടെയും ഇത്രയും വലിയൊരു ജനവിഭാഗം ഇത്തരമൊരു പ്രവർത്തനത്തിനായി നിൽക്കുമെന്ന് കരുതുന്നില്ല. എത്ര വലിയ മനുഷ്യത്വമാണ് ജനങ്ങൾ കാണിക്കുന്നതെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു.
വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകാൻ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്നും ജില്ല കലക്‌ടർ അറിയിച്ചു. ഇതിന് പുറമെ അവശ്യ സാധനങ്ങളടക്കമുള്ളവ നൽകാൻ താത്പര്യമുള്ളവർക്ക് കടവന്ത്ര റീജിയണൽ സ്പോർട്ട്സ് സെൻ്ററിൽ ഇന്ന് (ഓഗസ്‌റ്റ് 1) ആരംഭിക്കുന്ന കലക്ഷൻ സെൻ്ററിൽ സാധനങ്ങളെത്തിക്കാവുന്നതാണന്നും കലക്‌ടർ അറിയിച്ചു.
Also Read: വയനാടിന് സഹായം; കോട്ടയം ബസേലിയോസ് കോളജില്‍ കലക്ഷന്‍ സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചു