കൊല്ലം : മീൻപിടിക്കാൻ വച്ച കെണിയിൽ കുടുങ്ങി മൂർഖനും ചേരയും ആമകളും. കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം. തൊടിയൂർ പാലത്തിന് സമീപം പള്ളിക്കലാറ്റിലാണ് സമീപവാസിയായ ഹുസൈൻ മീൻ പിടിക്കാൻ വേണ്ടി ഇരുമ്പ് കെണി സ്ഥാപിച്ചത്.
രാവിലെ കെണിയിൽ നിന്നും മീൻ എടുക്കാൻ ചെന്ന ഹുസൈൻ കണ്ടത് കെണിയിൽ അകപ്പെട്ടു കിടക്കുന്ന മൂർഖനെ. ഒപ്പം ചേരയും 10 ആമകളും. മൂർഖനിൽ നിന്ന് കടിയേൽക്കാതെ തല നാഴിരയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂട്ടിൽ കിടക്കുന്ന വലിയ മൂർഖനെ കൂട്ടിൽ നിന്നും മാറ്റാനുള്ള ശ്രമമായി പിന്നെ. ശ്രമം വിഫലമായി. സംഭവം അറിഞ്ഞു നാട്ടുകാരും കൂടി. മൂർഖനെയും ചേരയെയും തുറന്നുവിടാൻ നാട്ടുകാരിലൊരാൾ അഭിപ്രായപ്പെട്ടു. എന്നാൽ സമീപവാസികൾ അഭിപ്രായത്തെ എതിർത്തു.
തുറന്ന് വിട്ടാൽ സമീപ വാസികളുടെ മനസമാധാനം പോകുമെന്നതിനാൽ മറ്റു മാർഗങ്ങൾ തേടി. ഒടുവിൽ വനം വകുപ്പിനെ വിവരമറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂർഖനെയും ചേരയേയും വനംവകുപ്പ് സ്ഥലത്തെത്തി കൊണ്ടുപോയി. ആമയെ ആറ്റിൽ തന്നെ തുറന്ന് വിട്ടു.
ഇത് രണ്ടാം തവണയാണ് ഇതുപോലെ ഇഴജന്തുക്കൾ കെണിയിൽ കുടുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇനി കുറച്ചു കാലത്തേക്ക് കെണി വയ്‌ക്കില്ലെന്ന തീരുമാനത്തിലാണ് ഹുസൈന്‍.