തിരുവനന്തപുരം: സംസ്ഥാന കേന്ദ്ര നയങ്ങൾ എല്ലാം ഖനനത്തിന് വേണ്ടി രൂപീകരിച്ചത് കോൺഗ്രസ് ഭരണകാലത്താണെന്നും സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ തന്നെ കേന്ദ്രസർക്കാരിന്‍റെ നയം നടപ്പാക്കാതിരിക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചതെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കരിമണൽ കമ്പനിയായ സി എം ആർ എല്ലിനായി പിണറായി വിജയൻ സംസ്ഥാനത്തിന്‍റെ വ്യവസായ നയം മാറ്റിയെന്ന മാത്യു കുഴൽ നാടിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
22/10/2002 ലാണ് മൈനിങ് സ്വകാര്യ കമ്പനിക്ക് നൽകാമെന്ന ആദ്യ ഉത്തരവ് വന്നത്. 30/11/2002 ല്‍ കൂടുതൽ വ്യക്തത വരുത്തിയ ഉത്തരവിറങ്ങി. തുടർന്ന് 2004 സെപ്റ്റംബർ 15 നാണ് ഖനനത്തിന് സി കരാർ നൽകിയത്. ഇത് യുഡിഎഫ് ഭരണകാലത്താണ് പക്ഷേ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് നിർത്തിവെച്ചതാണെന്നും മന്ത്രി വിശദീകരിച്ചു.
മാത്യു കുഴൽ നാടൻ ഉണ്ടയുള്ള വെടി തന്നെയാണ് ഇന്ന് വെച്ചിരിക്കുന്നത്. പക്ഷേ അത് സ്വന്തം മുന്നണിയിലുള്ള നേതാക്കൾക്കെതിരെയാണെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടി നൽകിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ കരിമണൽ കമ്പനിയായ സി എം ആർ എല്ലിനായി സംസ്ഥാന സർക്കാരിന്‍റെ വ്യവസായ നയം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയെന്നും ഇതിന് പ്രതിഫലമായാണ് വീണ വിജയന് മാസാമാസം പണം ലഭിച്ചതെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ ആരോപണം. ഇത് സംബന്ധിച്ച രേഖകളും പുറത്ത് വിട്ടിരുന്നു.