തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സുരക്ഷിത കേന്ദ്രങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം. തലസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരന്തം മൂലം മുടങ്ങിയ വിദ്യാര്‍ഥികളുടെ പഠനം പുനരാരംഭിക്കാനുള്ള നടപടികളും വേഗത്തില്‍ നടത്തും. ഇതിന്‍റെ കാര്യങ്ങള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വയനാട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാദൗത്യങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
93 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 10042 പേരാണ് ഇവിടെ കഴിയുന്നത്. ചൂരല്‍മലയില്‍ നിന്നുള്ള 1107 പേരും ക്യാമ്പിലുണ്ട്. ദുരന്ത മേഖലയിലും ചാലിയാറിലും ദൗത്യ സംഘം തെരച്ചില്‍ തുടരുന്നു.
40 ടീമുകള്‍ ആറ് സെക്‌ടറുകളിലായാണ് തെരച്ചില്‍ നടത്തുന്നത്. രാവിലെ ഏഴ് മുതലാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സില്‍ നിന്നും 460 പേര്‍, ദേശീയ ദുരന്ത നിവാരണ സേനയില്‍ നിന്ന് 160 പേര്‍, വനം വകുപ്പിലെ 56 പേര്‍ പൊലീസിലെ 64 പേര്‍, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 640 പേര്‍, തമിഴ്‌നാട് ഫയര്‍ ഫോഴ്‌സിലെ 44 പേര്‍, കേരള പൊലീസ് ഇന്ത്യന്‍ ബറ്റാലിയനില്‍ നിന്നുള്ള 55 പേര്‍ എന്നിങ്ങനെയാണ് ദുരന്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണക്കുകള്‍. ഇതുകൂടാതെ ആറ് നായകള്‍, തമിഴ്‌നാട് മെഡിക്കല്‍ ടീമില്‍ നിന്നുള്ള 7 പേര്‍, അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍ റോഡ് ജിവിഎച്ച്എസ്എസ് വെള്ളാര്‍മല എന്നിവിടങ്ങളിലാണ് തെരച്ചില്‍.
പതിനൊന്ന് മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്താനായി. തകര്‍ന്ന കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ ജീവന്‍ കണ്ടെത്താന്‍ ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പതിനാറ് അടി താഴ്‌ച വരെയുള്ള ജീവന്‍റെ അനക്കം കണ്ടെത്താന്‍ ഈ ഉപകരണത്തിന് കഴിയും. മണ്ണില്‍ പുതഞ്ഞ ശരീര ഭാഗങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ ബെയ്‌സ്‌ഡ് റഡാര്‍ ഡല്‍ഹിയില്‍ നിന്ന് ഇന്ന് എത്തിക്കും. ചാലിയാറിലും തെരച്ചില്‍ തുടരുകയാണ്.
അട്ടമലയിലെ ഉള്‍വനത്തില്‍ നിന്ന് ആറംഗ കുടുംബത്തെ രക്ഷപ്പെടുത്തി. പാലം നിര്‍മാണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചിലും ആരംഭിച്ചു. കേരള പൊലീസിലെ 866 ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് നിയോഗിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫയര്‍ ഫോഴ്‌സ് നിര്‍മിച്ച സിപ് ലൈന്‍ പാലത്തിലൂടെയാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌സ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളും അഭിനനന്ദാനാര്‍ഹം. ഹെലിപ്പാഡ് നിര്‍മാണം, ഭക്ഷണം, രക്ഷാപ്രവര്‍ത്തനം എന്നിവയാണ് ഇവര്‍ നടത്തുന്നത്. തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങള്‍ പഞ്ചായത്തുകള്‍ സംസ്‌കരിക്കും. സര്‍വ മതപ്രാര്‍ഥനയോടെയായിരിക്കും സംസ്‌കാരം.
പുനരധിവാസത്തിനായി വലിയ അധ്വാനവും മികച്ച ആസൂത്രണവും വേണം. ഇവയെല്ലാം അതിവേഗം പൂര്‍ത്തിയാക്കണം. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗണ്‍ഷിപ്പ് നിര്‍മാണം നടത്തണം. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.
ഏറ്റവും മാതൃകപരമായ രീതിയില്‍ ഈ പുനരധിവാസ പദ്ധതി നടപ്പാക്കും. വെള്ളാര്‍മല സ്‌കൂളിലെ ധാരാളം വിദ്യാര്‍ഥികളെ ദുരന്തം കൊണ്ടുപോയി. ശേഷിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാനാകില്ല. ആവശ്യമായ സംവിധാനം ഉടനടി ഏര്‍പ്പെടുത്തും.
സിഎംഡിആര്‍എഫ് സംഭാവന ധനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി. സംഭാവന പോര്‍ട്ടല്‍ വഴിയും സ്വീകരിക്കും. എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. സാമൂഹ മാധ്യമങ്ങളിലെ യുപിഐ ക്യൂആര്‍ കോഡ് സംവിധാനം പിന്‍വലിച്ചു. പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡിയിലൂടെ സംഭാവന നല്‍കും.
ദുരന്തത്തിന്‍റെ മൂലകാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. മഴ പ്രവചനങ്ങള്‍ക്കായി കേരളത്തിന് അനുകൂലമായ മാതൃകകള്‍ വികസിപ്പിക്കാന്‍ ആവശ്യപ്പെടും. ഇത്തരം പഠനങ്ങളിലൂടെ വിപുലമായ പ്രവചനോപാധികള്‍ ലഭ്യമാക്കും. കേരളത്തിന് പ്രത്യേകമായി പഠനം നടത്തുന്നതിന് മാനവ ശേഷിയും സംവിധാനങ്ങളും ലഭ്യമാക്കും. ദുരന്താഘാതങ്ങള്‍ ലഘൂകരിക്കാന്‍ മുന്‍ കരുതല്‍ എന്നിവ പഠനത്തിന്‍റെ ഭാഗമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.