തിരുവനന്തപുരം : വിഴിഞ്ഞം യഥാർഥ്യമാകുമ്പോൾ കേരളത്തിലെ വികസന അധ്യായത്തിൻ്റെ പുതിയ ഏട് തുറക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്ത് എത്തിയ ആദ്യ മദർ ഷിപ്പിനെ സ്വീകരിച്ച ശേഷം വിഴിഞ്ഞം തുറമുഖത്ത് സജ്ജമാക്കിയ പ്രത്യേക വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ ചാലക ശക്തിയാണെന്നും വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓപ്പറേഷൻ ഇതോടെ ആരംഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോർട്ടുകളുടെ പോർട്ട് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ സുസജ്ജമായ തുറമുഖമായി വിഴിഞ്ഞത്തിന് മാറാൻ കഴിഞ്ഞു. അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ല. ഇപ്പോൾ ഒന്നാം ഘട്ടമാണ് പൂർത്തിയാകുന്നത്.
2028 ഓടെ സമ്പൂർണ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും ഇതോടെ 10000 കോടി രൂപയുടെ നിക്ഷേപ സാധ്യത തുറക്കപ്പെടുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പങ്കുവച്ചു. നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ അദാനി കാണിച്ച താത്പര്യം അഭിനന്ദനീയം. സമീപ രാജ്യങ്ങൾക്കും അഭിമാനകരമായ പദ്ധതി. സമീപ രാജ്യങ്ങൾക്കും വിഴിഞ്ഞം വലിയ സാധ്യതകൾ തുറക്കും.
2012 ൽ ഇതു സാധ്യമാക്കണം എന്ന് ആവശ്യപ്പെട്ട് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പൊതുജന കൂട്ടായ്‌മ നടത്തി. അന്താരാഷ്ട്ര ലോബികൾ തന്നെ പദ്ധതിയ്‌ക്ക് തുരങ്കം വയ്ക്കാൻ ശ്രമിച്ചു. വിഴിഞ്ഞം നടപ്പാക്കാൻ പല വാണിജ്യ ശക്തികൾക്കും താൽപര്യമില്ലായിരുന്നു. പക്ഷെ അവയ്‌ക്കൊന്നും നമ്മുടെ നാടിൻ്റെ കൂട്ടായ ഇച്ഛാശക്തിയെ തളർത്താനായില്ല. വിഴിഞ്ഞം, അന്താരാഷ്ട്ര തുറമുഖമായി ഉയരണമെന്ന കാര്യത്തിൽ പണ്ടേ വ്യക്തതയുണ്ടായിരുന്നു.
അഴിമതിക്കോ, ചൂഷണത്തിനോ ഉള്ള ഉപാധിയായി വിഴിഞ്ഞം മാറരുതെന്ന നിർബന്ധമായിരുന്നു ഉണ്ടായിരുന്നത്. അഹമ്മദ് ദേവർകോവിലിൻ്റെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനം പദ്ധതിക്ക് ശക്തി പകർന്നു. 2960 മീറ്റർ നിർമാണം പൂർത്തിയാക്കി ഇതിൽ 2500 മീറ്റർ ആക്രോപ്പൊഡ് ഉപയോഗിച്ച് സുരക്ഷിതമാക്കി. 6000 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കുന്ന ഔട്ടർ റിങ് റോഡ് വലിയ സാധ്യതകൾ തുറക്കും.
തുറമുഖത്തിൻ്റെ നിർമാണത്തിലും അനുബന്ധ വികസന ശ്രമത്തിലും നല്ല ശ്രദ്ധയോടെ നീങ്ങാൻ കഴിഞ്ഞു. 5695 കോടി രൂപയാണ് നിർമാണത്തിനായി സംസ്ഥാനം വഹിച്ചത്. പബ്ലിക് പ്രൈവറ്റ് സഹകരണത്തിൻ്റെ ഉത്തമ ഉദാഹരണമായി ഇതു മാറുന്നു. 100 കോടി രൂപ പുനരധിവാസത്തിന് സർക്കാർ ചെലവഴിച്ചു. നിർമാണം ആരംഭിച്ച ശേഷം പല ഘട്ടങ്ങളിലായി വിഴിഞ്ഞം നിവാസികൾ പല പ്രശ്‌നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. 50 കോടി രൂപ ചെലവിൽ കമ്മ്യൂണിറ്റി സ്‌കിൽ ട്രെയിനിങ് സെൻ്റർ തുടങ്ങും.
5000 കോടി രൂപയുടെ പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളം രാജ്യത്തിന് നൽകുന്ന സംഭാവനയും സമ്മാനവുമാണ് വിഴിഞ്ഞം തുറമുഖം. രാജ്യത്തെ കണ്ടെയ്‌നർ ബിസിനസിൻ്റെ കേന്ദ്രമായി കേരളം മാറുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിൻ്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം കാരണമാകും.
തുറമുഖം കപ്പലുകൾക്ക് നൽകുന്ന സേവനങ്ങൾ, ചരക്ക് ഇറക്കുക, കപ്പലുകൾ ഇന്ധനം നിറയ്ക്കുക എന്നിങ്ങനെയുള്ള പ്രവർത്തികളിൽ സർക്കാരിന് നികുതി ലഭിക്കും. മധ്യ വരുമാന വികസിത രാജ്യങ്ങളുടെ മൂല്യത്തിലേക്ക് സംസ്ഥാനത്തെ ഉയർത്തുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. മന്ത്രി കെ രാജൻ, കെ എൻ ബാലഗോപാൽ, സ്‌പീക്കർ എ എൻ ഷംസീർ, വി ശിവൻകുട്ടി, സജി ചെറിയാൻ, ജി ആർ അനിൽ, എ എ റഹിം എംപി, പാളയം ഇമാം വി പി ഷുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.
Also Read: വിഴിഞ്ഞത്തെ ആദ്യ കപ്പൽ; സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് മുഖ്യമന്ത്രി