കാസർകോട്: ഉത്തര ധ്രുവത്തിലെ മഞ്ഞുപാളികള്‍ അനുദിനം ക്ഷയിച്ചു വരുന്നു. മഞ്ഞുപാളികള്‍ ഉരുകുന്നതിലൂടെ സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരുന്നതിലൂടെ ഇനി എന്തൊക്കെ പ്രതിസന്ധികളാണ് വരാന്‍ പോകുന്നത്? ശാസ്ത്രജ്ഞര്‍ മാത്രമല്ല സാധാരണക്കാര്‍ പോലും ഇന്ന് ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചൊന്നും അറിയാതെയാണ് ഇങ്ങ് കൊച്ചിയിലുള്ളവര്‍ വരെ ഇതേക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുന്നത്.
ആർട്ടിക്കിലെ കാലാവസ്ഥ വ്യതിയാനം ഗവേഷകർക്കും എന്നും ഒരു അത്ഭുതമാണ്. ആഗോളതലത്തിൽ തന്നെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവയ്‌ക്കുന്ന ആർട്ടിക്കിലെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പല ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അത്തരത്തിൽ ഉത്തര ധ്രുവത്തിലെ മാറ്റങ്ങളെ കുറിച്ചുള്ള സുപ്രധാനമായൊരു പഠനത്തിലാണ് 17 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരിപ്പോള്‍. ഇത്തരമൊരു പര്യവേഷണത്തിന്‍റേയും ഗവേഷണത്തിന്‍റേയും ഭാഗമാകുകയെന്നത് ഏതൊരു ശാസ്ത്രജ്ഞന്‍റേയും സ്വപ്നങ്ങളിലൊന്നായിരിക്കും. അത്തരമൊരു അപൂര്‍വ ബഹുമതിക്കുടമയായിരിക്കുകയാണ് കാസർകോട് സ്വദേശി ഡോ.എ വി സിജിൻ കുമാർ.ഗവേഷണ സംഘത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഭാഗഭാക്കാവുകയാണ് ഇദ്ദേഹം.
![DR AV SIJIN KUMAR FROM KASARAGOD SCIENTIST DR AV SIJIN KUMAR ആർട്ടിക്കിലെ കാലാവസ്ഥ വ്യതിയാനം DR SIJIN KUMAR ON ARCTIC RESEARCH](https://etvbharatimages.akamaized.net/etvbharat/prod-images/24-06-2024/ksd-kl2-articstudy-7210525_24062024121421_2406f_1719211461_566.jpg)
കാസര്‍ഗോഡ് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിലെ ജിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ. എ വി സിജിൻ കുമാർ. ഇൻ്റർനാഷണൽ ഓഷ്യൻ ഡിസ്‌കവറി പ്രോഗ്രാം (ഐഒഡിപി) ആർട്ടിക് സമുദ്ര ഗവേഷണ പര്യവേഷണത്തിന്‍റെ ഭാഗമാകാനുള്ള അസുലഭാവസരമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഗോവയിലെ നാഷണൽ സെന്‍റർ ഫോർ പോളാർ ആൻഡ് ഓഷൻ റിസർച്ച് (എൻസിപിഒആർ) ആണ് അദ്ദേഹത്തെ ഗവേഷണ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്.
![DR AV SIJIN KUMAR FROM KASARAGOD SCIENTIST DR AV SIJIN KUMAR ആർട്ടിക്കിലെ കാലാവസ്ഥ വ്യതിയാനം DR SIJIN KUMAR ON ARCTIC RESEARCH](https://etvbharatimages.akamaized.net/etvbharat/prod-images/24-06-2024/ksd-kl2-articstudy-7210525_24062024121421_2406f_1719211461_52.jpg)
ശാസ്ത്ര ലോകത്തിന് പുതിയ വിവരങ്ങൾ സമ്മാനിക്കാനുള്ള അന്തർദേശീയ സമുദ്ര പര്യവേക്ഷണത്തിന്‍റെ (ഐഒഡിപി) ഭാഗമായി ആർട്ടിക് സമുദ്രത്തിന്‍റെ അടിത്തട്ടിലെ മണ്ണും പാറക്കല്ലുകളും ഖനനം ചെയ്‌ത് തുടങ്ങിയതായി ഡോ. സിജിന്‍ കുമാര്‍ ഇടി വി ഭാരതിനോട് പറഞ്ഞു." ഏഴ് ദശലക്ഷം വര്‍ഷം മുമ്പ് വരെയുള്ള ഉത്തരധ്രുവത്തിലെ കാലാവസ്ഥ എങ്ങിനെയായിരുന്നു പിന്നീട് എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നാണ് പഠിക്കാന്‍ ശ്രമിക്കുന്നത്. ആര്‍ട്ടിക് സമുദ്രത്തില്‍ 600 - 700 മീറ്റര്‍ വരെ ആഴത്തില്‍ തുരന്നാണ് പഠനത്തിനാവശ്യമായ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഫോസിലുകള്‍ കടലിനടിയില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും പാറകളുടെ ഘടന എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്."
![DR AV SIJIN KUMAR FROM KASARAGOD SCIENTIST DR AV SIJIN KUMAR ആർട്ടിക്കിലെ കാലാവസ്ഥ വ്യതിയാനം DR SIJIN KUMAR ON ARCTIC RESEARCH](https://etvbharatimages.akamaized.net/etvbharat/prod-images/24-06-2024/ksd-kl2-articstudy-7210525_24062024121421_2406f_1719211461_65.jpg)
ആർട്ടിക് മഞ്ഞുപാളികളുടെ വളർച്ചയും ഉരുകലും ഉൾപ്പടെ ഈ മേഖലയിലെ മുൻകാല കാലാവസ്ഥ വ്യതിയാനങ്ങൾ പഠിക്കുന്നതിനാവശ്യമായ സാമ്പിളുകളാണ് സംഘം ശേഖരിക്കുന്നതെന്ന് ഡോ. എ വി സിജിൻ കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, ജർമനി, ജപ്പാൻ, ചൈന തുടങ്ങിയ 17 രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞരാണ് അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷന്‍റെ സഹായത്തോടെ പദ്ധതിയുടെ ഭാഗമായി ഉത്തരധ്രുവത്തിലെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സമുദ്ര പര്യവേക്ഷണ കപ്പൽ ആണ് ഇവർക്കൊപ്പം ഉള്ളത് എന്നതും പ്രത്യേകതയാണ്. 1968-ൽ കമ്മിഷൻ ചെയ്‌ത ജോയ്‌ഡ്‌സ് റസല്യൂഷൻ എന്ന കപ്പലാണ് ഇപ്പോൾ ആർട്ടിക്കിലുള്ളത്.
![DR AV SIJIN KUMAR FROM KASARAGOD SCIENTIST DR AV SIJIN KUMAR ആർട്ടിക്കിലെ കാലാവസ്ഥ വ്യതിയാനം DR SIJIN KUMAR ON ARCTIC RESEARCH](https://etvbharatimages.akamaized.net/etvbharat/prod-images/24-06-2024/ksd-kl2-articstudy-7210525_24062024121421_2406f_1719211461_772.jpg)
ഉയരുന്ന താപനിലയും കാലാവസ്ഥ വ്യതിയാനവും മൂലം ഏറെ നാളായി ആർട്ടിക് ശോഷിച്ച് വരികയാണ്. വേനൽക്കാലത്ത് ഉരുകിയൊലിച്ച് പോകുന്ന മഞ്ഞുപാളിയുടെ വലിയൊരു ഭാഗം ശൈത്യകാലത്ത് തിരികെ രൂപപ്പെടുന്നില്ല. ഇതോടെ ആർട്ടിക്കിലെ മഞ്ഞുപാളിയുടെ അളവിനെ സന്തുലനമാക്കിയിരുന്ന ശൈത്യകാലത്തെ മഞ്ഞിന്‍റെ രൂപപ്പെടൽ താളം തെറ്റിയ അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ഈ പുതിയ പഠനത്തിന് ഏറെ പ്രസക്തിയുണ്ട്.
ഉത്തരധ്രുവത്തിലെ മഞ്ഞുപാളികളെ കുറിച്ച്, അതായത് എന്നുമുതൽ ഇവ ഉണ്ടായി, എങ്ങനെ ഉണ്ടായി, ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുമുൻപ് കാലാവസ്ഥ എങ്ങനെയായിരുന്നു, എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നിവയൊക്കെ ഈ ഗവേഷണത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർട്ടിക് സമുദ്രത്തിന്‍റെ അടിത്തട്ടിലെ മണ്ണും പാറക്കല്ലുകളും ഖനനം ചെയ്‌ത് തുടങ്ങിയിട്ടുണ്ട്. ജൂൺ മാസം ആദ്യ ഗവേഷണമേഖലയിൽ എത്തിയതുമുതൽ ആർട്ടിക് സമുദ്രത്തിന്‍റെ അടിത്തട്ട് തുടർച്ചയായി തുരക്കുകയാണിവർ. ഇങ്ങനെ ശേഖരിക്കുന്ന സാമ്പിളുകളിൽനിന്ന് പാറയുടെ ഘടന വിലയിരുത്തുകയും ഫോസിലുകളുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.
ഏഴ് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആർട്ടിക്കിലെ കാലാവസ്ഥ എങ്ങനെയായിരുന്നുവെന്നും കാലക്രമേണ സംഭവിച്ച മാറ്റങ്ങളെന്താണെന്നും വിലയിരുത്തും. ഉത്തര അറ്റ്‌ലാൻഡിക് സമുദ്രത്തിൽനിന്നുള്ള ഉഷ്‌ണജല പ്രവാഹത്തിന്‍റെ ശക്തിയും ദൗർബല്യവും പഠിക്കും.
പര്യവേക്ഷണം പൂർത്തിയാക്കി ഓഗസ്റ്റ് അഞ്ചിന് ആംസ്റ്റർഡാമിൽ തിരിച്ചെത്തും. ആറുമാസത്തിന് ശേഷം ജർമനിയിലെ ബ്രെമനിലെ കോർ ലാബിൽനിന്ന് ഖനനസാമ്പിളുകൾ കേരള കേന്ദ്ര സർവകലാശാലയിലെ ജിയോളജി വകുപ്പിന്‍റെ കീഴിലുള്ള പാലിയോ-മൂന്ന് ഗവേഷണശാലയിലെത്തിച്ച് പഠനം നടത്തും.
പ്രാചീനകാലത്തെ കാലാവസ്ഥയെക്കുറിച്ചുള്ള ഡോ. സിജിൻ കുമാറിന്‍റെ 30 ഗവേഷണപ്രബന്ധങ്ങൾ ഇതിനകം ശാസ്‌ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമുദ്ര പര്യവേക്ഷണ കപ്പൽ ആണ് ഇവർക്കൊപ്പം ഉള്ളത് എന്നതും പ്രത്യേകതയാണ്. 1968-ൽ കമ്മിഷൻ ചെയ്‌ത ജോയ്‌ഡ്‌സ് റസല്യൂഷൻ എന്ന കപ്പലാണ് ഇപ്പോൾ ആർട്ടിക്കിലുള്ളത്. സമുദ്രത്തിന്‍റെ അടിത്തട്ടിൽ ഖനനം നടത്താൻ ശേഷിയുള്ള കപ്പലാണിത്. നിരവവധി സമുദ്രപര്യവേക്ഷണങ്ങൾ നടത്തിയിട്ടുള്ള ജോയ്‌ഡ്‌സ് റസല്യൂഷന്‍റെ അവസാന യാത്രയാണ് ഇത്തവണത്തേതെന്ന പ്രത്യേകകത കൂടി ഉണ്ട്.
വർഷങ്ങളായി മുന്നറിയിപ്പുകൾ
ആർട്ടിക്കിന്‍റെ ശോഷണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഗവേഷകർ വർഷങ്ങളായി പുറത്ത് വിടുന്നുണ്ടായിരുന്നു. ലോക താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകാതെ തടയാനുള്ള ഗവേഷണങ്ങളായിരുന്നു നടത്തി വന്നത്. ഇങ്ങനെ താപനില വർധനവ് തടയുന്നതിലൂടെ ആർട്ടിക്ക് സംരക്ഷിക്കപ്പെടുമെന്നും അവർ പ്രതീക്ഷിച്ചു.
ആർട്ടിക്കിലെ മഞ്ഞുരുകലിന്‍റെ വേഗവും ഓരോ വേനലിലും വർധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. കൂടാതെ ആർട്ടിക്കിലെ വേനലിന്‍റെയും ഉയർന്ന താപനില അനുഭവപ്പെടുന്ന കാലത്തിന്‍റെയും ദൈർഘ്യം വർധിക്കുകയാണെന്നും ഗവേഷകർ കണ്ടെത്തി.
യഥാർഥ പ്രശ്‌നം ഇതാണ്
ശൈത്യകാലത്ത് മഞ്ഞ് രൂപപ്പെടുകയും, വേനൽക്കാലത്ത് മഞ്ഞുരുകുകയും ചെയ്യുക എന്നത് ആർട്ടിക്കിലെ സ്വാഭാവിക പ്രതിഭാസമാണ്. ഏതാണ്ട് മെയ് മാസത്തോടെ ആരംഭിച്ച് മഞ്ഞുരുകൽ ഏറ്റവും രൂക്ഷമായി മഞ്ഞ് അതിന്‍റെ ഏറ്റവും കുറഞ്ഞ അളവിലെത്തുന്നത് സെപ്റ്റംബറിലാണ്. പിന്നീട് ശൈത്യകാലത്തിന് തുടക്കമാവുകയും മഞ്ഞ് ഉണ്ടാകാൻ തുടങ്ങുകയും ക്രമേണ മഞ്ഞ് പാളികളുടെ വിസ്‌തൃതി വർധിക്കുകയും ചെയ്യുന്നു.
ഇതിൽ മഞ്ഞുരുകൽ കൃത്യമായ നടക്കുകയും മഞ്ഞിന്‍റെ ഉത്പാദനം കുറയുകയും ചെയ്യുന്നു എന്നതാണ് ആർട്ടിക്കിലെ ഇപ്പോഴത്തെ പ്രതിസന്ധി. കൂടാതെ ദിശ തെറ്റി ആർട്ടിക്കിലേക്ക് എത്തുന്ന താപക്കാറ്റും വേനൽക്കാലത്തിന്‍റെ ദൈർഘ്യം വർധിച്ചതും മഞ്ഞുരുകലിന്‍റെ വേഗത്തിലും വർധനവുണ്ടാക്കി.
ALSO READ: ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ; ഐഐടി മദ്രാസിന് വമ്പൻ തുക സംഭവാന നല്‍കി ഫെയർഫാക്‌സ് സിഇഒ