എറണാകുളം: കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സിയാൽ അക്കാദമിയിൽ വിദഗ്‌ധ പരിശീലനത്തിന് അവസരം. ഇന്ത്യയിലെ മുഴുവന്‍ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പരിശീലനം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവച്ച് കൊച്ചിൻ ഇൻ്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡും (സിഐഎഎസ്എൽ) നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്റ്റ് ടാക്‌സസ് ആൻഡ് നാർക്കോട്ടിക്‌സും (നാസിൻ).
കൊച്ചി വിമാനത്താവളത്തിൽ വച്ചു നടന്ന ചടങ്ങിൽ മന്ത്രി പി രാജീവിൻ്റെ സാന്നിധ്യത്തിൽ സിയാൽ മാനേജിങ് ഡയറക്‌ടറും സിഐഎഎസ്എൽ ചെയർമാനുമായ എസ് സുഹാസ് ഐഎഎസും നാസിൻ അഡിഷണൽ ഡയറക്‌ടർ രാജേശ്വരി ആർ നായർ ഐആർഎസും ധാരണാപത്രം കൈമാറി. നാസിനെ പ്രതിനിധീകരിച്ച് അസിസ്റ്റൻ്റ് ഡയറക്‌ടർ എംഎസ് സുരേഷും സിയാൽ അക്കാദമിയെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്‌ടർ ശ്രീ സന്തോഷ് ജെ പൂവട്ടിലുമാണ് ധാരണപത്രം ഒപ്പുവച്ചത്. സിയാൽ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കായി നൂതന സിമുലേഷൻ അധിഷ്‌ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബാഗേജ് പരിശോധന ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ധാരണപത്രം തയ്യാറാക്കിയിട്ടുള്ളത്. കാർഗോ ഇൻസ്‌പെക്ഷൻ പരിശീലനം, മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി പൊതുജനങ്ങൾക്കായുള്ള ബോധവത്കരണ ക്ലാസുകൾ എന്നിവയും സിയാൽ അക്കാദമിയും നാസിനും സഹകരിച്ച് നടത്താൻ ധാരണയായി.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക വളർച്ചയിലും നിർണായക പങ്കുവഹിക്കുന്ന നാസിനുമായി ചേർന്ന് പരിശീലന കോഴ്‌സുകൾ ആരംഭിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സിയാൽ എംഡിയും സിയാൽ അക്കാദമി ചെയർമാനും കൂടിയായ എസ് സുഹാസ് പറഞ്ഞു.
2009ൽ സ്ഥാപിതമായ സിയാൽ ഏവിയേഷൻ അക്കാദമി, വിമാനത്താവളങ്ങളിലും വ്യോമയാന മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ ഉദ്യോഗാർഥികൾക്കായി വ്യോമയാന വ്യവസായ-അധിഷ്‌ഠിത പരിശീലന ക്ലാസുകൾ നൽകിവരുന്നു . കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസിന് (സിബിഐസി) കീഴിലുള്ള പരമോന്നത പരിശീലന സ്ഥാപനമാണ് നാസിൻ.
Also Read: സിയാല്‍ അക്കാദമിയുടെ ഏവിയേഷന്‍ കോഴ്‌സുകള്‍ക്ക് കുസാറ്റ് അംഗീകാരം