തിരുവനന്തപുരം : പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ (child kidnapping case) പ്രതി ഹസ്സൻകുട്ടിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയെ തട്ടിയെടുത്ത പരിസരത്തും ഉപേക്ഷിച്ച സ്ഥലത്തുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതി ഹസ്സൻകുട്ടിയെ ഇന്നലെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ചതോടെയാണ് പൊലീസ് തെളിവെടുപ്പ് നടപടികൾ ആരംഭിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓൾ സെയ്‌ന്‍റ്സ് കോളജിന്‍റെ പിൻവശം, പ്രതി കുട്ടിയുമായി നടന്നുപോയെന്ന് കണ്ടെത്തിയ റെയിൽവേ പാളം, ഇതിന്‍റെ സമീപ പ്രദേശങ്ങൾ, കുട്ടിയെ കണ്ടെത്തിയ ബ്രഹ്മോസിന് പുറകിലുള്ള ഓടയും പരിസര പ്രദേശങ്ങളും എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് ഇന്നും തുടരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം, ഡിഎൻഎ പരിശോധനയിൽ കുട്ടിക്കൊപ്പമുള്ളവർ തന്നെയാണ് യഥാർഥ മാതാപിതാക്കളെന്ന് കണ്ടെത്തിയതോടെ ശിശുക്ഷേമ സമിതി കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.
കുട്ടിയെ കണ്ടെത്തിയതിന് ശേഷം ഇത്രയും നാൾ ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള ചിൽഡ്രൻസ് ഹോമിലായിരുന്നു. ഇനി കുട്ടിയുമായി മാതാപിതാക്കൾക്ക് കേരളം വിടുന്നതിൽ തടസമില്ല. ഫെബ്രുവരി 19 നാണ് ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ (2) പ്രതി ഹസ്സൻകുട്ടി തട്ടിക്കൊണ്ടുപോയത്. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം ആലുവയിലെ ഒരു തട്ടുകടയിൽ ഉപേക്ഷിച്ചിരുന്നു.
കൂടാതെ പ്രതിയെ തിരിച്ചറിയാതിരിക്കാനായി പളനിയിൽ പോയി തല മൊട്ടയടിക്കുകയും ചെയ്‌തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം ഓടയിൽ ഇയാൾ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.
മാതാപിതാക്കൾക്ക് സമീപം ഉറങ്ങുകയായിരുന്ന കുട്ടിയെ എടുത്ത് കടന്നുകളഞ്ഞ ഇയാള്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ കുഞ്ഞ് കരയാന്‍ തുടങ്ങി. കരച്ചില്‍ മറ്റാരും കേള്‍ക്കാതിരിക്കാന്‍ ഇയാള്‍ വായ പൊത്തി പിടിച്ചതിന് പിന്നാലെ കുഞ്ഞ് അനങ്ങാതായപ്പോഴാണ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നാണ് പ്രതിയുടെ മൊഴി.