കോഴിക്കോട്: അത്യപൂർവ രോഗമായ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച മലപ്പുറം സ്വദേശിനിയായ അഞ്ചുവയസുകാരി അതീവ ഗുരുതരാവസ്ഥയില്‍. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് കുട്ടി. മൂന്നീയൂരിലെ പുഴയില്‍ കുളിച്ച കുട്ടിക്ക് പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.
രോഗത്തിന് ഫലപ്രദമായ മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്നാണ് ഡോക്‌ടർ നല്‍കുന്ന വിവരം. കഴിഞ്ഞ വർഷം ആലപ്പുഴയില്‍ രോഗം റിപ്പോർട്ട് ചെയ്‌തിരുന്നു. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്‌തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രനാമം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം അമീബയെ സാധാരണയായി കാണുന്നത്.
അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടന്നാണ് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്‌തിഷ്‌ക ജ്വരം ഉണ്ടാക്കുന്നത്. രോഗകാരിയായ അമീബ ഉള്ള മലിനജലത്തിലൂടെ മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോഗബാധയുണ്ടാകുന്നത്. തലവേദന, പനി, കഴുത്തിലെ തുടിപ്പ്, ഛർദ്ദി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.
Also Read: മലപ്പുറം എറണാകുളം ജില്ലകളില്‍ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്