വയനാട് : ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മിക്കുന്ന താത്‌കാലിക പാലത്തിന്‍റെ (ബെയ്‌ലി പാലം) നിര്‍മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്‌ണൻക്കുട്ടി, ഒ ആര്‍ കേളു, നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി ഡോ വി വേണു, ജില്ല കലക്‌ടര്‍ ഡി ആര്‍ മേഘശ്രീ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ദുരിത മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ രാവിലെ സർവകക്ഷിയോഗം യോഗം വിളിച്ചു ചേർത്തിരുന്നു. വയനാട് കലക്‌ടറേറ്റിലെ എപിജെ ഹാളിൽ വച്ചായിരുന്നു യോഗം.
വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. കോഴിക്കോട് നിന്ന് സെെനിക ഹെലികോപ്‌റ്റർ മാർഗമാണ് മുഖ്യമന്ത്രി വയനാട്ടിലെത്തിയത്. ചീഫ് സെക്രട്ടറി ഡോ വി വേണുവും ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ മരണസംഖ്യ 280 കടന്നതായാണ് റിപ്പോർട്ട്.
താത്‌കാലിക ബെയ്‌ലി പാലത്തിന്‍റെ നിർമാണം പുർത്തിയാകുന്നതോടെ സ്ഥലത്തേക്ക് ജെസിബി അടക്കമുള്ള വാഹനങ്ങളും യന്ത്രങ്ങളും എത്തിക്കാൻ സാധിക്കും. ഇതോടെ സജീവമായ രക്ഷാപ്രവർത്തനം നടത്താനും കൂടുതൽ രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്ഥലത്തേക്ക് എത്തിച്ചേരാനുമാകും.