തിരുവനന്തപുരം : കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാനം പുറകോട്ടില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക കാലഘട്ടത്തിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, കെ റെയിൽ പോലെയുള്ള നൂതന ഗതാഗത സംവിധാനം നാടിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവാക്കളുമായുള്ള മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ദേശീയപാത വികസനം, ദേശീയ ജലപാത നവീകരിക്കൽ, കൊച്ചി മെട്രോ വികസിപ്പിക്കൽ, വാട്ടർ മെട്രോ, ലൈറ്റ് മെട്രോ തുടങ്ങിയവയെല്ലാം ഗതാഗത സൗകര്യങ്ങൾ എളുപ്പമാക്കുന്നതിന്‍റെ ഭാഗമാണ്. എഐ ക്യാമറ നടപ്പാക്കിയപ്പോൾ എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടായി. എന്നാൽ എഐ ക്യാമറ വന്നതിനുശേഷം റോഡ് അപകടങ്ങൾ കുറയുകയാണ് ഉണ്ടായത്. അതുപോലെ കെ റെയിൽ പദ്ധതിയും നാടിന്‍റെ ഭാവിയെ കരുതിയുള്ള ഇടപെടലാണ്.
പ്രവാസം എന്നത് കേരളം ആർജിച്ച നേട്ടത്തിന്‍റെ കൂടി തെളിവാണ്.
കേരളം തൊഴിലുകൾ ഇല്ലാത്തതോ മാന്യമായി തൊഴിൽ ചെയ്യാൻ സാഹചര്യം ഇല്ലാത്തതോ ആയ സംസ്ഥാനമല്ല. എന്നാൽ ഇതിനെതിരെ നെഗറ്റീവ് പ്രചരണങ്ങളാണ് നടക്കുന്നത്. തങ്ങളുടെ ശേഷികൾക്ക് അനുസരിച്ച തൊഴിലുകൾ തേടി വിദേശത്തേക്ക് മുൻപും ആളുകൾ പോയിട്ടുണ്ട്. അതിന് കാരണം കേരളത്തിലെ സാഹചര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു (Pinarayi Vijayan on K Rail).
പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാകും. അതിനെ മറികടന്ന് മുന്നോട്ടുപോവുക. യുവാക്കൾ ആണ് നാടിന്‍റെ മുഖം. ആ മുഖം വാടാതെ നോക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ആ മുഖം വാടിയാൽ വരും തലമുറ ആകെ ഇരുളിലാകും. അതുകൊണ്ട് യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.