ഇടുക്കി : മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ് ചീയപ്പാറ വെള്ളച്ചാട്ടം. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ചീയപ്പാറയിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് വർധിക്കാറുണ്ട്. എന്നാല്‍ സഞ്ചാരികളുടെ തിരക്കേറുന്നതിന് അനുസരിച്ചുള്ള സുരക്ഷ സൗകര്യങ്ങൾ ഒരുക്കുന്നതില്‍ അധികൃതർ വീഴ്‌ച വരുത്തുന്നതായാണ് ആരോപണം.
എവിടെ പൊലീസ് എയ്‌ഡ് പോസ്റ്റ്: ചീയപ്പാറയില്‍ സഞ്ചാരികൾക്ക് സഹായമായിരുന്ന പൊലീസ് എയ്‌ഡ് പോസ്റ്റ് പ്രവർത്തനം നിലച്ചിരിക്കുകയാണ്. മൂന്നാറിലേക്കെത്തുന്ന വിദേശ വിനോദ സഞ്ചാരികളടക്കം ചീയപ്പാറയിൽ ഇറങ്ങി വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാറുണ്ട്. സീസൺ ആരംഭിച്ചതോടെ പതിവ് പോലെ ചീയപ്പാറയിലും തിരക്ക് വർധിച്ചു. ഈ സാഹചര്യത്തിലാണ് വെള്ളച്ചാട്ടത്തിന് സമീപം മുമ്പുണ്ടായിരുന്ന പൊലീസ് എയ്‌ഡ് പോസ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്.
സഞ്ചാരികളായി എത്തുന്നവർ പലപ്പോഴും ദേശിയപാതയിലും പാതയോരത്തു നിന്നുമൊക്കെ അപകടകരമാം വിധം ചിത്രങ്ങൾ പകർത്താറുണ്ട്. സഞ്ചാരികളുടെ തിരക്കേറുന്നതോടെ വാഹന തിരക്കും വർധിക്കും. തദ്ദേശിയരായവർ ഇക്കാര്യങ്ങളിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയാൽ സഞ്ചാരികൾ അത് മുഖവിലക്കെടുക്കാറില്ല.
പൊലീസിൻ്റെ സാന്നിധ്യമുണ്ടായാൽ ഇക്കാര്യങ്ങൾ കുറച്ച് കൂടി സുഗമമാകും. മുമ്പ് ഇവിടുത്തെ പൊലീസ് എയ്‌ഡ് പോസ്റ്റ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നതാണ്. ഈ എയ്‌ഡ് പോസ്റ്റാണ് വീണ്ടും പ്രവർത്തന ക്ഷമമാക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്.
Also read : കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് സെന്‍ററിന്‍റെ പ്രവര്‍ത്തനം നിലച്ചു