എറണാകുളം: മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റിൽ നടത്തിയത് നടപ്പിലാകാത്ത കേവല പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് മത്സ്യ തൊഴിലാളി സംഘടനകൾ. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണന്ന് കേരള മത്സ്യ തൊഴിലാളി ഐക്യ വേദി സംസ്ഥാന പ്രസിഡൻ്റ് ചാൾസ് ജോർജ് പറഞ്ഞു. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളെ കുറിച്ച് ഇടിവി ഭാരതി നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചുവർഷമായി കേന്ദ്ര സർക്കാർ ബ്ലൂ എക്കണോമി നയമാണ് തുടരുന്നത്. ഇത് പരിസ്ഥിതിക്കും മത്സ്യ തൊഴിലാളികൾക്കും എതിരായ നയമാണ്. മത്സ്യമേഖലയെ പൂർണ്ണമായും കുത്തകവൽക്കരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. ഇന്ത്യയിലെ വിരലിലെണ്ണാവുന്ന കുത്തകകൾക്ക് മത്സ്യബന്ധന മേഖല തീറെഴുതി കൊടുക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഈ നയത്തിനെതിരായി ദേശീയ തലത്തിൽ മത്സ്യത്തൊഴിലാളികളുടെ യോജിച്ച പ്രക്ഷോഭം നടത്താനാണ് തങ്ങൾ ശ്രമിക്കുന്നത്.
കഴിഞ്ഞ പത്തുവർഷമായി കേന്ദ്രസർക്കാർ മത്സ്യതൊഴിലാളികളുമായി ഫലപ്രദമായ ഒരു ചർച്ചയും നടത്തിയിട്ടില്ല. തീരമേഖലയെ പൂർണ്ണമായും കുത്തകകൾക്ക് കൊടുക്കാൻ തീരുമാനിച്ചാണ് ഒരു ചർച്ച വെച്ചത്. അത് ഈ മേഖലയിൽ തൊഴിലെടുക്കുന്ന ആയിരകണക്കിന് തൊഴിലാളികളുടെ ഉപജീവനം തടയുന്നതാണ്. തുടർന്നു പ്രക്ഷോഭം നടത്തിയാണ് മീനാകുമാരി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. എന്നാൽ ഇന്ത്യൻ കുത്തകകൾക്ക് സമുദ്ര മേഖല തീറെഴുതുകയാണെന്നും ചാൾസ് കുറ്റപ്പെടുത്തി.
കേന്ദ്ര നയങ്ങൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കില്ല. ഉത്‌പാദനം വർധിച്ചാലും മത്സ്യസമ്പത്തിനെയും മത്സ്യമേഖലയെയും പൂർണമായും തകർക്കുന്ന നിലപാടാണിത്. മത്സ്യബന്ധന മേഖലയ്ക്കായി പുതിയ ഡിപ്പാർട്ട്മെൻ്റ് വന്നത് ഞങ്ങൾ ആശ്വസിച്ചെങ്കിലും ഈ മേഖലയെ സഹായിക്കുന്ന ഒരു പദ്ധതിയും ഉണ്ടായില്ല. പുതിയ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന പ്രഖ്യാപനം പച്ചക്കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു. ഉള്ള തൊഴിൽ കൂടി നഷ്ട്ടപെടുന്ന സാഹചര്യമാണുള്ളത്. ഉത്‌പാദനവും വർധിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും പറയുന്ന കേന്ദ്ര സർക്കാറിന് ഇതനുസരിച്ചുള്ള ഒരു നയവുമില്ലെന്നും ചാൾസ് ജോർജജ് പറഞ്ഞു.
അതേസമയം കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സ്യബന്ധന മേഖലയുടെ ഉത്പാദനം മാത്രമാണ് പരിഗണിക്കുന്നത് എന്നാൽ ഉത്പാദകരെ കാണുന്നില്ല. ഒരു ലക്ഷം കോടിയുടെ കയറ്റുമതി വർധനവും, 55 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് രണ്ടും തട്ടിപ്പാണ്. അക്വാകൾച്ചറിലൂടെ ഇത്രയും വരുമാനം ഉണ്ടാക്കാൻ കഴിയില്ല. ഇത്രയും പേർക്ക് തൊഴിൽ നൽകാൻ കഴിയില്ല. പ്രധാനമന്ത്രി മത്സ്യ സംമ്പാദന യോജന
(PMMSY) പദ്ധതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതാണ്.
ഇതോടെ മുപ്പത്തിയേഴായിരം കോടിയായിരുന്ന കയറ്റുമതി അറുപത്തി ഏഴായിരം കോടിയായി വർധിച്ചിട്ടുണ്ട്. ഉൾനാടൻ മേഖലയിലാണ് കയറ്റുമതി വർധിച്ചത്. ഇവിടെ പരിസ്ഥിതിക്കെതിരായ മത്സ്യബന്ധനമാണ് നടക്കുന്നത്. ഈ മേഖലയിൽ നടപ്പാക്കുന്നത് ബ്ലൂ എക്കണോമിയാണ്. ഇതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ചെയ്യുന്നത് സാമ്പത്തികമായി ലാഭകരമല്ലാത്ത വിഴിഞ്ഞം പോലെയുള്ള ഏഴ് തുറുമുഖങ്ങൾ അദാനിയെ ഏല്‍പിക്കുകയാണ്. അറുന്നൂറിലേറെ കൂറ്റൻ പദ്ധതികൾ തീരത്ത് വരികയാണ്.
പതിനൊന്ന് കോസ്റ്റൽ സോൺ ഏരിയകൾ വരികയാണ്. രണ്ടായിരം കിലോമീറ്റർ തിരദേശ റോഡ് വരുന്നു. മത്സ്യത്തൊഴിലാളികളെ കുടിയൊഴുപ്പിക്കുകയാണ്. മത്സ്യബന്ധനമേഖല ലക്ഷദ്വീപ് പോലെ ടൂറിസം നടപ്പിലാക്കാനും, സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപം കൊണ്ടുവരാനുമാണ് ലക്ഷ്യമിടുന്നത്, ഇത് മത്സ്യതൊഴിലാളികൾക്ക് ഗുണകരമല്ലെന്നും ചാൾസ് ജോർജ് ചൂണ്ടിക്കാണിച്ചു.