തിരുവനന്തപുരം : മാർച്ച് ഒന്നിന് മുൻപ് സേവന കുടിശ്ശിക കൈമാറിയില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പിന് വേണ്ടി എഫ്‌എംഎസ്-എംവിഡി (FMS-MVD) പ്രൊജക്‌ടിന് കീഴിൽ നൽകി വരുന്ന ഫെസിലിറ്റി മാനേജ്മെന്‍റ് സേവനങ്ങൾ നിർത്തലാക്കുമെന്ന് സിഡിറ്റ്. ഇത് സംബന്ധിച്ച് സിഡിറ്റ് ഗതാഗത സെക്രട്ടറിക്കും ഗതാഗത കമ്മിഷണർക്കും കത്ത് നൽകി. സിഡിറ്റാണ് മോട്ടോർ വാഹന ഓഫിസുകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടര്‍ സേവനങ്ങള്‍, സോഫ്റ്റ്‌വെയര്‍, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മെയിന്‍റനന്‍സ്, സ്റ്റേഷനറി സാധനങ്ങള്‍ എത്തിച്ച് നല്‍കല്‍, ഓഫിസ് ശുചീകരണം എന്നിവയടക്കം ചെയ്യുന്നത്.
സിഡിറ്റിൽ നിന്നുള്ള നിർദേശം ലഭിച്ചതിന് ശേഷം മാത്രം എഫ്‌എംഎസ്-എംവിഡി പ്രൊജക്‌ടിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാഫുകൾ ഈ മാസം 29ന് ശേഷം സേവനം തുടർന്നാൽ മതിയെന്നും നിർദേശം നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പും സിഡിറ്റുമായുള്ള ഫെസിലിറ്റി മാനേജ്മെന്‍റ് സർവീസ്, കരാർ പ്രകാരം 2021 ജനുവരി 31 ന് അവസാനിച്ചെങ്കിലും സർക്കാർ ഉത്തരവിലെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സേവനങ്ങൾ തുടർന്നുവരികയായിരുന്നു. പക്ഷേ ഒരു വർഷത്തിലധികമായി സേവനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് തുക നൽകുന്നില്ലെന്നും കത്തിൽ പറയുന്നു.
തുക നൽകിയില്ലെങ്കിൽ 2023 നവംബർ 30ന് ശേഷം സേവനങ്ങൾ തടസപ്പെടുമെന്ന് സിഡിറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ മോട്ടോർ വാഹന വകുപ്പിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും കത്തിൽ പറയുന്നു.