തിരുവനന്തപുരം : ജസ്‌ന തിരോധാന കേസില്‍ കൂടുതല്‍ വിശദീകരണവുമായി സിബിഐ. കേസിലെ സിബിഐ റിപ്പോർട്ട് തള്ളണമെന്ന ജസ്‌നയുടെ അച്‌ഛന്‍റെ ഹർജിക്കെതിരെയാണ് സിബിഐ കോടതിയില്‍ വിശദീകരണം നൽകിയത്. കേസുമായി ബന്ധപ്പെട്ട് പിതാവ് ജയിംസ് ജോസഫിൻ്റെ ആരോപണങ്ങൾ അനുമാനവും സംശയങ്ങളും മാത്രമാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
ജയിംസ് ജോസഫിൻ്റെ ഹർജിയിലെ ആരോപണങ്ങളില്‍ അടക്കം സിബിഐ അന്വേഷണം നടത്തിയിരുന്നു. വ്യക്തമായ തെളിവുകൾ, വിവരങ്ങൾ എന്നിവ ശേഖരിച്ച ശേഷമാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ് വിശദീകരണത്തിൽ പറയുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ജസ്‌നയെ കൂടെ പഠിച്ച സുഹൃത്ത് ചതിച്ച് ദുരുപയോഗം ചെയ്‌തു എന്നത് ആരോപണം മാത്രമാണ്. ജസ്‌നയെ പരിശോധിച്ച ഡോ. ലിസമ്മ ജോസഫിന്‍റെ മൊഴി അനുസരിച്ച് ജസ്‌ന ഗർഭിണി ആയിരുന്നില്ല.
സ്‌കൂൾ, കോളേജ് കാലയളവികളിൽ ജസ്‌ന അവരുടെ അദ്ധ്യാപകരോട് പോലും കൂടുതൽ സംസാരിക്കാറില്ല. ജസ്‌ന പോയിരുന്ന എൻഎസ്എസ് ക്യാമ്പുകളിൽ അന്വേഷണം നടത്തിയിരുന്നു. കൃത്യതയോട് കൂടി തന്നെയാണ് അന്വേഷണം പൂർത്തിയാക്കിയത് എന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ, കേസിൽ കക്ഷി ചേരണം എന്ന് ആവശ്യപ്പെട്ട് സമൂഹിക പ്രവർത്തകൻ രഘുനാഥൻ നായര്‍ സമർപ്പിച്ച ഹർജിയിലും സിജെഎം കോടതി വാദം കേട്ടു. പ്രാഥമിക അന്വേഷണ സമയത്ത് സിബിഐ രഘുനാഥൻ നായരുടെ മൊഴി എടുത്തിരുന്നു. ഇത് തെളിയിക്കുന്നതിനായി കേസ് ഡയറിയും ഡിബിഐ കോടതിയിൽ നേരിട്ട് ഹാജരാക്കി. എന്നാല്‍ രഘുനാഥന്‍റെ മൊഴിയിലുള്ള കാര്യങ്ങൾ കൃത്യമല്ലെന്നും മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാനുള്ള തെളിവുകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ ഈ മൊഴി അവഗണിച്ചത്.
എന്നാൽ തനിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന കാരണം പറഞ്ഞാണ് മൊഴി നിരസിച്ചതെന്നും ഇതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നുമാണ് ഹർജിക്കാരന്‍ പറഞ്ഞത്. നിയമ പ്രകാരം മാത്രമേ ഹർജിയെ സമീപിക്കാൻ കഴികയുള്ളൂ എന്ന് കോടതി മറുപടി നൽകി. കേസ് ഈ മാസം 12ലേക്ക് മാറ്റി.
Also Read : ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണം ; സിബിഐ അന്തിമ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജി