കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ചരക്ക് നീക്കം ഉടൻ പുനരാരംഭിക്കും. കടൽ യാത്ര നിരോധനം അവസാനിച്ചതോടെ ഇനി ബേപ്പൂർ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ഉടന്‍ ആരംഭിക്കും. മർക്കൻ്റയിൻ മറൈൻ ചട്ടപ്രകാരം ചെറുകിട തുറമുഖങ്ങളിൽ നിന്ന് മെയ് 15 മുതൽ സെപ്റ്റംബർ 14 വരെ കടൽ യാത്ര നിരോധനമാണ്.
വെസ്റ്റ് കോസ്റ്റ് മേഖലയിൽ കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത് പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി അച്യുത വാര്യർ ഇടിവി ഭാരതിനോട് പറഞ്ഞു. ബേപ്പൂർ തുറമുഖത്തെത്തിയ ‘മറൈൻ ലൈൻ’ ഉരുവിൽ ചരക്ക് കയറ്റി തുടങ്ങി. ലക്ഷദ്വീപിലെ ആൾത്താമസമുള്ള 12 ദ്വീപുകളിലേക്കാണ് ഉരു മാർഗം വഴി നിർമാണ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ കയറ്റി അയക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബേപ്പൂരിനും ലക്ഷദ്വീപിനും ഇടയിൽ 35ഓളം ഉരു ആഴ്ചയിൽ സർവീസ് നടത്തിയിരുന്നു. നിലവിൽ മൂന്നോ നാലോ ഉരു മാത്രമാണ് അവശ്യവസ്തുക്കളുമായി ദ്വീപിലേക്ക് പുറപ്പെടുന്നത്. തുറമുഖമായി ബന്ധപ്പെട്ട് 300ലധികം തൊഴിലാളികളുണ്ടായിരുന്നെങ്കിലും ചരക്കുനീക്കം കുറഞ്ഞപ്പോൾ ചിലർ മറ്റ് ജോലികൾ തേടിപ്പോയതോടെ തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വന്നു.
യാത്രക്കപ്പലുകൾ നിർത്തലാക്കിയതും ലക്ഷദ്വീപ് കാര്യാലയങ്ങൾ മംഗളൂരുവിലേക്ക് മാറ്റിസ്ഥാപിച്ചതും ബേപ്പൂർ തുറമുഖത്തിന് തിരിച്ചടിയായിരുന്നു. നിലവിൽ ഉരു മാർഗമുള്ള ഏതാനും സർവീസുകൾ മാത്രമാണ് ബാക്കിയുള്ളത്.
Also Read: പോർട്ട് ബ്ലെയര്‍ ഇനി ശ്രീ വിജയപുരം; പേരുമാറ്റി കേന്ദ്ര സർക്കാർ