ഇടുക്കി: കടുത്ത വേനലില്‍ ഏലം കരിഞ്ഞുണങ്ങി ആദായം നഷ്‌ടപ്പെട്ട കർഷകർ ഇനി നേരിടാന്‍ പോകുന്നത് പുതിയ കൃഷിയിറക്കാനുള്ള തട്ടയുടെ ക്ഷാമം. മുമ്പ് 150 മുതൽ 200 രൂപ വരെ ആയിരുന്ന തട്ട വില 400-ലേക്കും 500-ലേക്കും എത്തുമെന്നാണ് കർഷകർ പറയുന്നത്. ഹൈറേഞ്ചില്‍ ചുരുക്കം സ്ഥലങ്ങളിലൊഴികെ മിക്കയിടത്തും ഏലം പൂർണമായോ ഭാഗികമായോ കരിഞ്ഞ് നശിച്ച അവസ്ഥയാണ്.
ആദായം രണ്ട് വർഷത്തേക്ക് പൂർണമായും ഇല്ലാതായതിനോടൊപ്പം പുനർ കൃഷിക്ക് ഏലം തട്ടകള്‍ക്ക് കനത്ത ക്ഷാമവും നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഏലം തട്ട ലഭിച്ചാല്‍ത്തന്നെ കനത്ത വില നല്‍കേണ്ടിവരും. മുൻപ് ഇരുപത്തിയഞ്ച് മുതല്‍ നൂറും നൂറ്റമ്പതും രൂപവരെ, നല്ലയിനത്തില്‍ പെട്ട ഏല തട്ടയ്ക്ക് വിലയുണ്ടായിരുന്നു. ഇക്കുറി ഇത് ഇരട്ടിയാകുമെന്ന ഭീതിയിലാണ് കർഷകർ.
മഴക്കാലം എത്തുന്നതോടെ ഏലം വിളവെടുപ്പും തോട്ടങ്ങളിലെ പണിയും സജീവമാകേണ്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ കർഷകർ പുനർ കൃഷിക്ക് പിന്നാലെ പായേണ്ടി വരും. ലോണെടുത്തും കടം വാങ്ങിയും ഏലം കൃഷിയില്‍ പ്രതീക്ഷ വച്ചിരുന്നവർ വൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
ബാങ്കുകളിലെ അടക്കമുള്ള കടബാധ്യതകൾ മിക്ക ഏലം കർഷകർക്കും ഉണ്ട്. ബാങ്കിലെ ലോണ്‍ അടക്കമുള്ള ബാധ്യതയില്‍ സർക്കാരിന്‍റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. നാട്ടിൻപുറങ്ങളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപ്പേർ ഏലത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്തിരുന്നു. നഷ്‌ടം നേരിട്ടതോടെ മിക്കവരും തോട്ടം ഉപേക്ഷിച്ചിട്ടുണ്ട്.
Also Read : ഇടുക്കി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി; കൃഷിമന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമെന്ന് കോണ്‍ഗ്രസ്