കോഴിക്കോട്: വോട്ട് ചെയ്യാൻ പോളിങ് സ്റ്റേഷനിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിലെ താഴെകക്കാട് പാമ്പും കാവ് വെച്ചാണ് കാർ കത്തി നശിച്ചത്. പീടിക പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തിയത്.
കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴി കാറിന്‍റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഉടനെ കാറിൽ ഉണ്ടായിരുന്ന ജോണും കുടുംബവും പുറത്തിറങ്ങി. നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടരുകയായിരുന്നു. മുക്കത്ത് നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍, അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.