ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇഡി കസ്‌റ്റഡില്‍ കഴിഞ്ഞുകൊണ്ടുതന്നെ ഭരണ നിര്‍വഹണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കസ്‌റ്റഡിയിലിരിക്കെ കഴിഞ്ഞദിവസം നഗരത്തിലെ ചില പ്രദേശങ്ങളില്‍ നേരിടുന്ന അഴുക്ക് ചാലും വെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജലമന്ത്രി അതിഷിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു .
അതേസമയം, കെജ്‌രിവാള്‍ സ്ഥാനം രാജിവെക്കേണ്ടതുണ്ടോ എന്ന വിവാദമാണ് പുറത്ത് കത്തിപ്പടരുന്നത്. ജയിലിൽ നിന്ന് സർക്കാരിനെ നയിക്കാമെന്നാണ് എഎപി വ്യക്തമാക്കുന്നത്. ഡൽഹി നിയമസഭാ സ്‌പീക്കറും കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്ന് പറഞ്ഞതായാണ് റിപ്പോർട്ട്. ഗുണ്ടാസംഘങ്ങൾ ജയിലില്‍ നിന്നുകൊണ്ട് സാമ്രാജ്യം ഭരിക്കുന്നതായി കേട്ടിട്ടുണ്ട് എന്നാല്‍ ഭരണഘടനാ അധികാരികൾ ജയിലില്‍ ഇരുന്ന് ഭരിക്കുന്നത് ആദ്യമായി കേള്‍ക്കുകയാണ് എന്നാണ് ബിജെപിയുടെ പരിഹാസം.
ജെ ജയലളിത, ലാലു പ്രസാദ് യാദവ്, ഉമാഭാരതി, ബി എസ് യെദ്യൂരപ്പ, ഹേമന്ത് സോറൻ എന്നിവരെല്ലാം ജയിലിൽ പോകുന്നതിന് മുമ്പ് രാജിവച്ച് പിൻഗാമികൾക്ക് അധികാരം കൈമാറിയതിന്‍റെ ഉദാഹരണങ്ങളും പാര്‍ട്ടി നിരത്തുന്നു. ഇതാദ്യമായാണ് മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ ജയിലില്‍ കഴിയുന്നത്.
കെജ്‌രിവാളിന്‍റെ കാര്യത്തില്‍ വിദഗ്‌ധരും രണ്ട് അഭിപ്രായത്തിലാണ്. ഒരു വശത്ത്, കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുന്നതിന് ഭരണഘടനാപരമായ തടസമില്ലെന്നാണ് വിദഗ്‌ധാഭിപ്രായം. അതേസമയം, ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യപ്പെട്ട ഒരു അധികാരിക്ക് പദവിയിലിരിക്കാനുള്ള ധാര്‍മികതയുണ്ടോ എന്ന ചോദ്യം മറുവശത്ത് നിന്നുയരുന്നു. ഭരണഘടനാപരമായ ധാർമ്മികത, വിശ്വാസം, സദ്‌ഭരണം എന്നിവ ഒരു ഭരണാധികാരിയുടെ അടിസ്ഥാന മാനദണ്ഡങ്ങളാണെന്ന് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും പല വിധിന്യായങ്ങളിലും പറയുന്നുണ്ട്.
എസ് രാമചന്ദ്രനും, വി സെന്തിൽബാലാജിക്കും എതിരായ മദ്രാസ് ഹൈക്കോടതിയുടെ സമീപകാല വിധിയിൽ, സാമ്പത്തിക അഴിമതിയില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് ഉയര്‍ന്ന ധാർമ്മികത ആവശ്യപ്പെടുന്ന മന്ത്രിപദത്തില്‍ തുടരാനാകുമോ എന്ന വാദം കോടതി ഗൗരവമായി പരിശോധിച്ചിരുന്നു. 2014-ലെ മനോജ് നെരൂല x യൂണിയൻ ഓഫ് ഇന്ത്യ എന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിയെ ഹൈക്കോടതി പരാമർശിക്കുന്നുണ്ട്.
പൊതുഭരണം നടത്താനുള്ള അടിസ്ഥാന മാനദണ്ഡം ഭരണഘടനാപരമായ ധാർമ്മികതയാണ്. അത് നിയമവാഴ്‌ചയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പൊതുതാൽപര്യത്തിലും ഭരണഘടനാപരമായ വിശ്വാസത്തിലും നല്ലത് ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഭരണം ധാർമികതയെ കാണിക്കുന്നതാണ്. അതാണ് ഉയർത്തിപ്പിടിക്കേണ്ടത്. അധികാരത്തിലിരിക്കുന്ന വ്യക്തികൾക്ക് ഉയർന്ന ധാർമികത ഉണ്ടായിരിക്കണമെന്നാണ് പൗരന്മാർ ആഗ്രഹിക്കുന്നതെന്നും ഹൈക്കോടതി അന്ന് പറഞ്ഞു.
പൊതുപ്രവർത്തകൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ കടമകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കെജ്‌രിവാളിന്‍റെ കാര്യത്തിലുണ്ട്. ഒരു തടവുകാരൻ ജയിൽ നിയമങ്ങൾക്ക് വിധേയനാണ്. ജയിലിൽ നിന്ന് മന്ത്രിസഭ യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുക, ഉദ്യോഗസ്ഥരെ കാണുക, ഫയലുകള്‍ നോക്കുക, ഉത്തരവിടുക എന്നീ ഭരണപ്രക്രിയയിലെല്ലാം പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പല കാര്യങ്ങളും അസാധ്യമാണെന്ന് തന്നെ പറയാം.
കൂടാതെ, ചില അസാധാരണ സാഹചര്യങ്ങളിലല്ലാതെ മേലധികാരികളുടെ വാക്കാലുള്ള നിർദ്ദേശങ്ങളില്‍ ആക്ഷന്‍ എടുക്കരുതെന്ന് സിവിൽ സർവീസുകാർക്ക് സുപ്രീം കോടതി നിര്‍ദേശമുണ്ട്. പൊതുപ്രവർത്തകര്‍ നിർദേശങ്ങളും ഉത്തരവുകളും രേഖാമൂലം അറിയിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന ഹോട്ട കമ്മിറ്റി (2004), സന്താനം കമ്മിറ്റി റിപ്പോർട്ടുകളുടെ ശുപാർശകളും മദ്രാസ് ഹൈക്കേടതി പരാമർശിച്ചിരുന്നു.
ഈ അസാധാരണ സാഹചര്യത്തിന് പരിഹാരം എഎപി നിര്‍ദേശിക്കുന്നുണ്ട്. കെജ്‌രിവാളിന് സർക്കാർ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍, താൽക്കാലിക ജയിലായി പ്രഖ്യാപിച്ച ഒരു കെട്ടിടത്തിൽ പാർപ്പിക്കാനാണ് എപിപി നേതാക്കളുടെ നിർദേശം. മുഖ്യമന്ത്രി തടവിലായതിനാൽ, കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ ലെഫ്റ്റനന്‍റ് ഗവർണർക്ക് രാഷ്‌ട്രപതി ഭരണം ശുപാർശ ചെയ്യാം എന്നതാണ് മറ്റൊരു പോംവഴി.