കോഴിക്കോട് : ആശങ്ക പരത്തി കിണര്‍ വെള്ളത്തിലെ നിറ വ്യത്യാസം. മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്‍റെ വീട്ടിലെ കിണറ്റിലെ വെള്ളത്തിനാണ് നിറവ്യത്യാസം ഉണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി കിണറ്റിലെ വെള്ളത്തിന് കടുംനീല നിറമാണ്. പത്തടിയില്‍ താഴ്ച്ചയുള്ള ആള്‍മറയുള്ള വലയിട്ട് വൃത്തിയായി സൂക്ഷിക്കുന്ന കിണറിലെ വെള്ളത്തിനാണ് നിറ വ്യത്യാസം കണ്ടത്.
തൊട്ടടുത്ത വീടുകളിലെ കിണറുകളിലെ വെള്ളത്തിന് യാതൊരു നിറവ്യത്യാസവുമില്ല. കഴിഞ്ഞ ദിവസം വീട്ടിലെ ആവശ്യത്തിന് വെള്ളം കോരാൻ എത്തിയപ്പോഴാണ് വെള്ളത്തിൻ്റെ നിറവ്യത്യാസം കാണുന്നത്. തുടർന്ന് ആരോഗ്യവകുപ്പിൽ വിവരമറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അനഘയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിന്‍റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്‌ക്കയച്ചു.
പരിശോധനാ ഫലം വന്നാല്‍ മാത്രമേ കാരണം അറിയാന്‍ കഴിയൂവെന്ന് ജെഎച്ച്‌ഐ പറഞ്ഞു. അതേസമയം ഇതിനു സമാനമായ രീതിയിൽ നേരത്തെ മാവൂർ പഞ്ചായത്തിലെ അരയങ്കോടും, പെരുവയൽ പഞ്ചായത്തിലെ കീഴ്‌മാടും വെള്ളത്തിന് നീലനിറം കണ്ടിരുന്നു.
ALSO READ : ശക്‌തമായ മഴയിൽ വീടിൻ്റെ കിണർ ഇടിഞ്ഞു താഴ്ന്നു- വീഡിയോ