തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ. വയനാട് ലോക്‌സഭ സീറ്റ് ഒഴിഞ്ഞ രാഹുൽ ഗാന്ധി ജനങ്ങളെ വഞ്ചിച്ചതാണെന്നാണ് ബിജെപിയുടെ ആരോപണം. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം മറച്ചുവച്ചാണ് രാഹുൽ വയനാട്ടിൽ മത്സരിച്ചതെന്നും ഇത് വയനാട്ടിലെ ജനങ്ങൾക്ക് തന്നെ നാണക്കേടായെന്നും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് വയനാടിനെ ഗാന്ധി കുടുംബമാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് വി മുരളീധരനും ആരോപിച്ചു.
പ്രിയങ്ക ഗാന്ധിക്ക് രാജ്യത്ത് എവിടെ നിന്നും മത്സരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ രാഹുൽ ഗാന്ധി വയനാട് വിട്ട് റായ്ബറേലിയിൽ മത്സരിക്കുമെന്ന കോൺഗ്രസ് തീരുമാനത്തിൽ അനേകം ചോദ്യങ്ങൾ ഉയർന്ന് വരുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിശ്വാസത്തോടെ തന്നെ പിന്തുണച്ച ജനങ്ങളെ രാഹുൽ ഗാന്ധി കബളിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണിത്. ലീഗിന്‍റെ പിന്തുണ ലഭിക്കുമെന്നതിനാൽ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിൽ രാഷ്ട്രീയ അരങ്ങേറ്റം കുറിക്കാൻ വളരെ എളുപ്പമായിരിക്കും.
പ്രിയങ്ക ഗാന്ധിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്ന് വി മുരളീധരൻ. കോൺഗ്രസിന്‍റെ നിലപാട് വയനാട്ടിലെ ജനങ്ങൾക്ക് അപമാനമാണ്. കേരളവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയങ്ക എന്തിനാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധിയുടെ അഭാവം നികത്താൻ താൻ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ അമേഠിയുമായും റായ്ബറേലിയുമായും പതിറ്റാണ്ടുകൾ പഴക്കമുള്ള തൻ്റെ ബന്ധം തുടരുമെന്നും പ്രിയങ്ക അറിയിച്ചു.