വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുലിനെ പോലെ പ്രിയങ്കയ്‌ക്കും വയനാടിന്‍റെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. രാഹുലിന് ഒന്നും അറിയില്ലെന്ന് ഇതിനകം എല്ലാവർക്കും മനസിലായി. ഇതേ അവസ്ഥ തന്നെയാണ് പ്രിയങ്കയ്‌ക്കുമുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.
ഏട്ടനും പെങ്ങൾക്കും ജനങ്ങളുടെ പ്രശ്‌നം മനസിലാക്കാൻ പോലും താത്പര്യമില്ല. ഏട്ടൻ വന്നു അതേ പോലെ ഓടിപ്പോയി. പിന്നാലെ അനിയത്തി വരുന്നു. എന്താണ് ഇവിടെ ചെയ്യേണ്ടതെന്ന് പോലും അറിയാതെ പ്രിയങ്കരി ചമഞ്ഞ് നടക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദുരന്ത മുഖത്ത് വെറുതെ നിൽക്കുന്ന രാഹുലിനെ പോലുള്ള എംപിയെ ഇനി വയനാടിന് ആവശ്യമില്ല. വാഗ്ദാനം നല്‍കി ഓടിപ്പോകുന്നവരെ ഇനി വയനാടിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവ്യ ഹരിദാസ് മണ്ഡലത്തിന് പറ്റിയ സ്ഥാനാർഥിയാണ്. സാധാരണ കുടുംബത്തിൽ നിന്നും ജനിച്ച് കഠിനാധ്വാനം കൊണ്ട് ഐടി മേഖലയിൽ ഉയർന്ന ജോലിയിൽ എത്തി. അത് ഉപേക്ഷിച്ചാണ് ജനസേവനത്തിന് നവ്യ ഹരിദാസ് എത്തിയത്. ഇതാണ് സ്ഥാനാർഥികൾ തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.