കോട്ടയം : സിപിഎമ്മിൽ നിന്ന് തന്നെ പുറത്താക്കിയത് ചില ആളുകളുടെ താത്‌പര്യങ്ങൾ കണക്കിലെടുത്താണെന്ന് പാലാ മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കകണ്ടം. സിപിഎം തീരുമാനങ്ങളെ വിമർശിക്കില്ല. എന്നാൽ രാഷ്ട്രീയ അഭയം തേടി വന്ന ജോസ് കെ മാണിയെ സിപിഎം സംരക്ഷിക്കുന്നുവെന്നും ബിനു ആരോപിച്ചു.
പാലാ നഗരസഭയിലെ സിപിഎം കൗൺസിലറായ ബിനു പുളിക്കകണ്ടത്തെ ഇന്നലെ (ജൂണ്‍ 11) പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകിയതിൽ ബിനു വിമർശനം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് വിമത പ്രവർത്തനം നടത്തിയെന്ന പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ല കമ്മിറ്റി അംഗീകാരം നൽകിയത്.
സിപിഎം ജോസ് കെ മാണിയുടെ സമ്മർദത്തിനു വഴങ്ങിയാണ് തന്നെ പുറത്താക്കിയ നടപടി എടുത്തത്. ജോസ് കെ മാണിക്കെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ബിനു പറഞ്ഞു. പാർട്ടിയുടെ വെറും ബ്രാഞ്ച് അംഗത്തെ വേണോ ഒരു രാഷ്ട്രീയ പാർട്ടിയുള്ള ജോസ് കെ മാണിയെ വേണോ എന്ന് പാർട്ടിക്ക് തോന്നിയിട്ടുണ്ടാകുമെന്നും ബിനു മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം പാലായിൽ പലയിടത്തും ജോസ് കെ മാണിക്കെതിരെ ഫ്ലക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.
തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനം എന്നെഴുതിയ ഫ്ലക്‌സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടത്. ബിനു പുളിക്കകണ്ടത്തിന് അഭിവാദ്യങ്ങളെന്നും ഫ്ലക്‌സിൽ ഉണ്ട്. പാലാ പൗരാവലിയുടെ പേരിലാണ് ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചത്.
പാലായിൽ കേരള കോൺഗ്രസിൻ്റെ എതിർപ്പിനെ തുടർന്ന് ബിനുവിന് ചെയർമാൻ സ്ഥാനം നഷ്‌ടമായിരുന്നു. തുടർന്ന് ഇതിന്‍റെ പ്രതിഷേധക സൂചകമായി കറുപ്പ് വസ്‌ത്രം അണിഞ്ഞായിരുന്നു ബിനു പൊതുവേദികളിൽ എത്തിയിരുന്നത്. ഒന്നര വർഷം മുമ്പ് തനിക്ക് അർഹമായ നഗരസഭ അധ്യക്ഷ സ്ഥാനം ജോസ് കെ മാണിയുടെ പിടിവാശി മൂലം നഷ്‌ടമായി എന്നാണ് ബിനുവിന്‍റെ ആരോപണം.
എന്നാൽ പ്രതിഷേധ സൂചകമായി കറുപ്പ് വസ്‌ത്രം ധരിക്കുന്നത് താൻ നിർത്തുകയാണെന്ന് ബിനു ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതും.