കോഴിക്കോട് : തൂലിക പടവാളാക്കുക എന്ന് കേട്ടിട്ടില്ലേ, എഴുത്തുകാരെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. എഴുതി മാത്രമല്ല തൂലിക പടവാളാക്കാൻ കഴിയുക. എഴുതാനുള്ള തൂലികകൾ നിർമിച്ചും വെല്ലുവിളികളോട് പടപൊരുതാം. അത്തരത്തിൽ തന്‍റെ ദുരവസ്ഥയെ തൂലികകൊണ്ട് പൊരുതി തോൽപ്പിച്ച ഒരാളുണ്ട്. മുണ്ടുപാലം മാർച്ചാലിൽ എരഞ്ഞിക്കൽ മീത്തൽ സതീശൻ.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു സതീശൻ. 24 വർഷം മുമ്പ്, ജീവിതം കരയ്ക്കടുപ്പിക്കാൻ തെങ്ങിൽ കയറാൻ പോയ സതീശൻ പട്ടയൊടിഞ്ഞ് നിലത്തുവീണു. അന്ന് മുതല്‍ കിടപ്പിലാണ്. പ്രതീക്ഷകളെല്ലാം അസ്‌തമിച്ചെന്ന് എല്ലാവരും കരുതിയ സമയം. എന്നാൽ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി ജീവിതം വഴിമുട്ടാതിരിക്കാൻ കിടക്കയിൽ കിടന്നുതന്നെ സതീശൻ പലതും ചെയ്‌തുനോക്കി.
അങ്ങനെയാണ് പാലിയേറ്റീവ് കെയറുകളുടെ സഹായത്തോടെ കുട നിർമ്മാണവും പേന നിർമ്മാണവും പഠിച്ചത്. അങ്ങനെ പാലിയം അംബ്രല്ലകളും പേപ്പർ പേനകളും നിർമ്മിക്കാൻ സതീശൻ വൈദഗ്ധ്യം നേടി. നിർമ്മിച്ച കുടകളും പേപ്പർ പേനകളും ചെലവഴിക്കാൻ ആകുമെന്ന് ഓരോ സ്‌കൂൾ പ്രവേശനോത്സവ കാലത്തും സതീശന് വലിയ പ്രതീക്ഷയാണ്.
ഇത്തവണയും നിർമ്മിച്ചിട്ടുണ്ട് പല വർണങ്ങളിലുള്ള ധാരാളം ചേലൊത്ത കുടകൾ. തന്‍റെ കരവിരുതില്‍ 300 രൂപ മുതൽ വില വരുന്ന കുടകൾ നിർമ്മിച്ചിട്ടുണ്ട് സതീശന്‍. പത്തുരൂപയാണ് പേപ്പർ പേനകൾക്ക് വില വരുന്നത്. ജില്ലയിലെ നിരവധി സ്കൂളുകളിലെ എൻഎസ്എസ് യൂണിറ്റുകള്‍ സതീശന്‍റെ പ്രയാസം അറിഞ്ഞ് വീട്ടിലെത്തി കുടകളും പേനകളും വാങ്ങി സഹായിക്കുന്നുണ്ട്.
ഭാര്യ രാധാമണിയും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൻ വിശാഖുമാണ് എന്തിനും സഹായവുമായി കൂടെ നിൽക്കുന്നത്. തന്‍റെ പാലിയം വർണ്ണക്കുടകൾ ചൂടി കുട്ടികൾ സ്‌കൂളിൽ പോകുന്ന കാഴ്ച ഈ കിടക്കയിൽ കിടന്ന് സതീശൻ മനസിൽ കാണും. ജീവിതചക്രം തിരിക്കാനുള്ള വരുമാനം ഇതിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണീ കുടുംബം.