തിരുവനന്തപുരം: ഇത് തിരുവനന്തപുരം നഗരത്തിലെ കുമാരപുരം യു പി സ്‌കൂള്‍. സംസ്ഥാനത്ത് എല്ലായിടത്തെയും പോലെ കുഞ്ഞുങ്ങളെ വരവേൽക്കാന്‍ ടീച്ചര്‍മാരും സ്‌കൂള്‍ അധികൃതരും പ്രദേശത്തെ സന്നദ്ധ സേവകരുമെല്ലാം പ്രവേശനോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് ഇവിടെ. സ്‌കൂളിന് കുറച്ച് അപ്പുറം മാറി സ്വകാര്യ കിന്‍റര്‍ ഗാര്‍ഡന്‍-ഡേ കെയര്‍ സ്‌കൂളുമുണ്ട്. ഇരു വിദ്യാലയങ്ങള്‍ക്കും ഇവിടെ ഒരേ അയല്‍വാസിയാണ്. നാല് സ്റ്റാര്‍ റേറ്റിങ്ങുള്ള ഒരു ബാര്‍.
നൂറ്റിപത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കുമാരപുരം യു പി സ്‌കൂളിന്‍റെ പ്രധാന കവാടം തുടക്കം മുതല്‍ക്ക് തന്നെ പ്രധാന റോഡിന് സമീപമായിരുന്നു. ബാര്‍ വന്ന് ഒരു വര്‍ഷത്തിനകം സ്‌കൂളിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാന ഗേറ്റ് വഴിയുള്ള പ്രവേശനം നിര്‍ത്തി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതിലിടിച്ച് ഉണ്ടാക്കിയ ഗേറ്റ് വഴിയാണ് ഇപ്പോള്‍ പ്രവേശനം. സ്‌കൂളിലെ പുതിയ ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ 2022ല്‍ ഉദ്ഘാടനം ചെയ്‌തത് മുതല്‍ പുതിയ ഗേറ്റാണ് ഇപ്പോള്‍ ഉപയോഗത്തില്‍.
സ്‌കൂളിന്‍റെ ഒരു മതിലിനിപ്പുറം പ്രവര്‍ത്തിക്കുന്ന ബാറിന് ലൈസന്‍സ് എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിന് ലൈസന്‍സ് തന്നവരോട് പോയി നിയമവശം ചോദിക്കാനായിരുന്നു ബാര്‍ മാനേജറുടെ മറുപടി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍ ഹെഡ്‌മാസ്‌റ്റര്‍ വേണുവിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ സ്‌കൂളും ബാറും തമ്മില്‍ വളരെ കുറച്ച് അകലം മാത്രമേയുള്ളുവെന്നായിരുന്നു ഹെഡ്‌മാസ്‌റ്റര്‍ അന്ന് നൽകിയ മറുപടി.
മദ്യശാലകളും സ്‌കൂളുകളും തമ്മിലുള്ള അകലം 50 മീറ്ററെങ്കിലും വേണമെന്ന് നിയമമുണ്ട്. ഇരു വിദ്യാലയങ്ങള്‍ക്കും ഒത്ത നടുവിലുള്ള മദ്യശാലക്ക് മുന്നിലൂടെ സ്‌കൂളിലെത്തുന്ന കുഞ്ഞുങ്ങളെ സ്‌മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്. എല്ലാ കാഴ്‌ചകളും കണ്ട് ഇനി പുതിയൊരു അദ്ധ്യയനം.