കോഴിക്കോട് : ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് (33) പിടിയിലായത്. ധനീഷിൻ്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ചുങ്കം സ്വദേശിയായ ധനീഷ് കൂലിപ്പണിക്കാരനാണ്. ഞായറാഴ്‌ച (28/04/24) പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ (47) വെട്ടിക്കൊന്നത്. പണിക്കർ റോഡിലാണ് കൊലപാതകം നടന്നത്. ഓട്ടോയിലും തൊട്ട് അടുത്തുകിടക്കുന്ന കാറിലും രക്തം കട്ട പിടിച്ച കറകൾ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന്‍റെ സമീപത്തായി ശ്രീകാന്തിന്‍റെ കാർ കത്തിക്കിടക്കുന്നുണ്ടായിരുന്നു.
Also Read: കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലപാതക കേസിലെ പ്രതി
രണ്ടുദിവസം മുമ്പാണ് കാർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പൊലീസ് പറയുന്നത്. വാൾ പോലുള്ള ആയുധം കൊണ്ട് ആഴത്തിൽ കഴുത്തിനേറ്റ വെട്ടാണ് ശ്രീകാന്തിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഒരേ ആയുധം കൊണ്ടുതന്നെ ശരീരത്തിൽ 15 ഓളം മുറിവുകളേൽപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് വെള്ളയിൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.