തിരുവനന്തപുരം : ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കം. മഹോത്സവത്തിന്‍റെ ആദ്യ ദിനമായ ഇന്ന് (17.02.24) രാവിലെ 8 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തി. ഉത്സവവുമായി ബന്ധപ്പെട്ടുള്ള കലാപരിപാടികൾക്കും തുടക്കമായി. പ്രധാന വേദിയിലെ കലാപരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്ച (17.02.24) വൈകുന്നേരം 6 മണിക്ക് ചലച്ചിത്ര താരം അനുശ്രീ നിര്‍വഹിക്കും.
പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് ആറ്റുകാല്‍ അംബ പുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പറയുന്ന തോറ്റംപാട്ട് ഇത്തവണയുമുണ്ടാകും. ഉത്സവത്തിന്റെ ഓരോ ദിവസത്തിന്റെ ചടങ്ങും അന്നത്തെ തോറ്റംപാട്ടിന്‍റെ കഥാഭാഗവും തമ്മില്‍ ബന്ധപ്പെട്ടതായിരിക്കും. തോറ്റം പാട്ടിന്റെ അകമ്പടിയോടെ ദേവിയെ കുടയിരുത്തിയാണ് ഉത്സവവും ആരംഭിക്കുന്നത്.
ഫെബ്രുവരി 25-നാണ് പൊങ്കാല. 2025ലെ കുത്തിയോട്ടത്തിനായുള്ള രജിസ്‌ട്രേഷന്‍ 2024 നവംബര്‍ 16ന് ആരംഭിക്കും. ഓഫീസ് മുഖാന്തരവും ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
പുതിയ ബസ്: ആറ്റുകാല്‍ - ഗുരുവായൂരിലേക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ദിവസവും രാത്രി 7.30ന് ആറ്റുകാലില്‍ നിന്ന് ഗുരുവായൂരിലേക്കും ഉച്ചയ്ക്ക് 1. 15ന് ഗുരുവായൂരില്‍ നിന്ന് ആറ്റുകാലിലേക്കുമാണ് ട്രിപ്പ് അനുവദിച്ചിട്ടുള്ളത്.
ഗതാഗത നിയന്ത്രണം: പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 26 വരെ ആറ്റുകാല്‍ ക്ഷേത്ര പരിസരങ്ങളില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന കിള്ളിപ്പാലം- പടശ്ശേരി- ചിറപ്പാലം -ബണ്ട് റോഡ്, അട്ടക്കുളങ്ങര- മണക്കാട് -ആറ്റുകാല്‍ ക്ഷേത്ര റോഡ്, അട്ടക്കുളങ്ങര -വലിയപള്ളി റോഡ്, കമലേശ്വരം -വലിയ പള്ളി റോഡ്, കൊഞ്ചിറ വിള - ആറ്റുകാല്‍ റോഡ്, ചിറമുക്ക് - ഐരാണിമുട്ടം റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ക്ഷേത്രത്തിനു സമീപമുള്ള ഇടറോഡുകളിലും ഉത്സവം തുടങ്ങുന്ന ശനിയാഴ്ച (17.02.24) മുതല്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.
ആറ്റുകാല്‍ ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൗണ്ടിലും ഫാര്‍മസി കോളേജ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തിലേക്ക് വരുന്ന വിളക്ക് കെട്ടുകള്‍ കിള്ളിപ്പാലം ബണ്ട് റോഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കണം. ചെറിയ വാഹനങ്ങള്‍ മണക്കാട് മാര്‍ക്കറ്റ് റോഡ് വഴി ക്ഷേത്രത്തിലേക്കും തിരിച്ച് മേടമുക്ക്- മണക്കാട് -വലിയപള്ളി, മണക്കാട് - ഈസ്റ്റ് ഫോര്‍ട്ട് എന്നിവ വഴികളിലൂടെയും പോകണം.