പത്തനംതിട്ട: റാന്നിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അസം സ്വദേശി മരിച്ചു. ഉദല്‍ഗുരി സ്വദേശി ഗണേഷ് കൗറാണ് (28) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരവേയാണ് മരണം.
ഇന്നലെ (സെപ്‌റ്റംബര്‍ 22) രാത്രി 9.15 ഓടെയാണ് റാന്നിയിലെ പോസ്‌റ്റോഫീസിന് സമീപമുള്ള കെട്ടിടത്തില്‍ അപകടമുണ്ടായത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ ലീക്കുണ്ടായ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ കെട്ടിടത്തിലെ വാതിലുകളും ജനലുകളും തകര്‍ന്നു. പൊട്ടിത്തെറി ശബ്‌ദം കേട്ട നാട്ടുകാര്‍ ഉടന്‍ പൊലീസിലും ഫയര്‍ ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും കെട്ടിടത്തിന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഗുരുതര പരിക്കേറ്റ നിലയില്‍ ഗണേഷിനെ കണ്ടെത്തിയത്. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ റാന്നിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മികച്ച ചികിത്സ നല്‍കാന്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്‌തു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരവേ ഇന്ന് (സെപ്‌റ്റംബര്‍ 23) ഉച്ചയ്‌ക്ക് 2.45 ഓടെയായിരുന്നു മരണം.
റാന്നിയിലെ ടയര്‍ കടയിലെ ജീവനക്കാരനാണ് ഗണേഷ്. അപകട സമയത്ത് മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കേസെടുത്ത റാന്നി പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: അതിഥിതൊഴിലാളിയുടെ മുറിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അസം സ്വദേശിക്ക് ഗുരുതര പരിക്ക്