കൊല്ലം: ആശ്രാമം ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രത്തിലെ വിഷു ഉത്സസവത്തിന് കുടമാറ്റത്തിൽ പങ്കെടുക്കാൻ എത്തിയ ഗജവീരൻമാരുടെ നീരാട്ട് കാണികൾക്ക് കൗതുക കാഴ്‌ചയായി. കൂടാതെ പൊരിവെയിലിൽ ആനകൾക്ക് അല്‌പം ആശ്വാസവും ലഭിച്ചു. ക്ഷേത്രത്തിന് സമീപം പ്രത്യേകം നിർമ്മിച്ച കൂറ്റൻ ഷവറിന് കീഴിലാണ് കരിവീരൻ കുളിച്ച് ഉല്ലസിച്ചത്.
ചുട്ടുപൊള്ളുന്ന വേനലിൽ കൂറ്റൻ ഷവറിന് കീഴെ ഒരു കുളി അതും ഒരു ആന കുളി ആളുകൾക്ക് വളരെ അത്ഭുക കാഴ്‌ചയായി. മഴ പോലെ പെയ്‌തിറങ്ങിയ ജലതുള്ളി കണ്ടതും ഈ ഗജകേസരികൾ ഷവറിന് കീഴെ അണിനിരന്നു നിന്നു. ചിലർ നന്നായി ആസ്വദിച്ചു കുളിച്ചു എന്നാൽ മറ്റ് ചിലർ ആദ്യം ഒന്ന് മടിച്ചെങ്കിലും വെള്ളം ശരീരത്ത് വീണപ്പോൾ ആശ്വാസമായി, പിന്നിട് അവിടെ നിന്നും മാറാൻ പാപ്പാൻ തോട്ടി എടുക്കേണ്ടി വന്നു.
കുളി കാണാൻ കാഴ്‌ചക്കാർ തടിച്ച് കൂടി. ആനയോടൊപ്പം ഷവറിന്‍റെ കീഴിലെ കുളി കാഴ്‌ചക്കാരും നന്നായി ആസ്വദിച്ചു. പിന്നെ മൊബൈലിൽ പകർത്താനുള്ള തിരക്ക്. കൊല്ലം ആശ്രാമം ഗ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന കുടമാറ്റത്തിൽ പങ്കെടുക്കാനെത്തിയ ഗജവീരൻമാർക്കായിട്ടാണ് ആനനീരാട്ട് നടത്തിയത്. ആനനീരാട്ട് നടത്താനായി തത്ക്കാലികമായി നിർമ്മിച്ചതാണ് ഷവർ.
കുറ്റൻ മോട്ടോർ ഉപയോഗിച്ച് ക്ഷേത്ര കുളത്തിൽ നിന്നും പമ്പ് ചെയ്‌താണ് ഷവറിൽ വെള്ളമെത്തിച്ചത് ഒരു സമയം രണ്ട് ആനകൾക്ക് കുളിക്കാൻ കഴിയും വിധമാണ് ഷവർ സജ്ജീകരിച്ചിരുന്നത്. ചില വിരുതൻമാർ വെള്ളം കണ്ടപ്പോൾ അദ്യം ഒന്ന് മടിച്ചെങ്കിലും വെള്ളം ശരീരത്ത് വീണപ്പോൾ മടിയൊക്കെ മാറ്റി ആസ്വദിച്ച് അങ്ങ് കുളിച്ചു, തുമ്പികൈയ്യിൽ വെള്ളമെടുത്ത് കരിവീരൻമാർ ദാഹമകറ്റി. കേരളത്തിലെ തലയെടുപ്പുള്ള ഗജകേസരികൾ ആനനീരാട്ടിൽ പങ്കെടുത്തു.
കുളി കഴിഞ്ഞതോടെ ഗംഭീരമായ ആന ഊട്ട് നടന്നു, ക്ഷേത്രത്തിന് മുന്നിലെ ആൽമരച്ചുവട്ടിൽ വട്ടമിട്ട് നിർത്തിയ ശേഷമാണ് ആനയൂട്ട് നടത്തിയത്. ത്യകടവൂർ ശിവരാജുവിനാണ് ആദ്യം ഊട്ട് നടത്തിയത്. വിവിധയിനം പഴവർഗങ്ങൾ കരിമ്പ്, ശർക്കരചോറ് എന്നിങ്ങനെ നീണ്ടു ആന ഊട്ടിനുള്ള വിഭവങ്ങൾ. ആനയൂട്ട് കാണാൻ വിദേശികളടക്കം നിരവധി പേർ ക്ഷേത്ര മുറ്റത്ത് എത്തിയിരുന്നു. ആനയൂട്ട് കഴിഞ്ഞതിന് ശേഷം പിന്നെ അല്‍പം വിശ്രമത്തിനായി ആനകളെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി.