തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും നടുറോഡിൽ കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ ബസിനുള്ളിലെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. തമ്പാനൂർ പൊലീസ് ആണ് കേസെടുത്തത്. കെഎസ്ആർടിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തമ്പാനൂർ ബസ് ടെർമിനലിൽവച്ചാകാം മെമ്മറി കാർഡ് കാണാതായതെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ബസ് ടെർമിനലിനുള്ളിലെ വർക്ക്‌ഷോപ്പിലാണ് ഉള്ളത്. ഇതിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത സിസിടിവി യൂണിറ്റ് ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
കെഎസ്ആർടിസി ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ ആരോപണം വന്നതിന് പിന്നാലെയാണ് ബസിനുള്ളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം ഉയർന്നത്. ഇതിന് പിന്നാലെ പരിശേധിച്ചപ്പോഴാണ് മെമ്മറി കാര്‍ഡ് നഷ്‌ടമായെന്ന വിവരം പുറത്തുവന്നത്. മെമ്മറി കാർഡ് മാറ്റിയതാകാമെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നുവെന്നുമായിരുന്നു സംഭവത്തില്‍ ബസ് ഡ്രൈവര്‍ യദുവിന്‍റെ പ്രതികരണം.