കോഴിക്കോട്: സ്വന്തം ലീലാ വിലാസങ്ങൾ കൊണ്ട് അത്ര നല്ലതല്ലാത്ത 'പേര്' കേൾപ്പിച്ചിരുന്നയാൾ ഇപ്പോൾ വാഴ്ത്തപ്പെടുകയാണ്. ബോബി ചെമ്മണ്ണൂരിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അസാധ്യം എന്ന് കരുതിയ ഒന്നിനെ സാധ്യമാക്കാൻ ഈ 'കോമാളി' തന്നെ രംഗത്തിറങ്ങേണ്ടി വന്നു എന്നതാണ് പൊതു സംസാരം.
സൗദി ജയിലിൽ ശിക്ഷ കാത്ത് കഴിയുന്ന അബ്‌ദുൽ റഹീമിന്‍റെ മോചനത്തിനായി രൂപീകരിച്ച ധന സമാഹരണ കമ്മിറ്റിക്ക് കരുത്തേകിയത് 'ബോച്ചെ യാചക യാത്രയാണ്'. തുടക്കത്തിൽ ഇതും ഒരു 'ഷോ' ആണെന്ന് കരുതിയവർ ഒടുക്കത്തിൽ ഞെട്ടി. ഒരു കോടി രൂപ സ്വയം സമർപ്പിച്ചാണ് ബോബി യാചകനായത്.
ഏപ്രിൽ എട്ടിന് രാവിലെ ഒമ്പതിന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് മുമ്പിൽ നിന്നാരംഭിച്ച യാത്ര കാസർകോട് ലക്ഷ്യമിട്ടായിരുന്നു. കോളജുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്‌റ്റാൻഡുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നേരിട്ട് പൊതു ജനങ്ങളോട് സഹായം യാചിച്ചാണ് ബോച്ചെ മുന്നേറിയത്. ഇതിലൂടെയാണ് റഹീമിന്‍റെ കഥ ലോകം യഥാര്‍ത്ഥത്തില്‍ അറിയുന്നത്. പിന്നാലെ സഹായ നിധിയിലേക്ക് പണത്തിന്‍റെ ഒഴുക്കായിരുന്നു.
സൗദി അറേബ്യയിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൾ റഹീമിന്‍റെ മോചനത്തിന് മലയാളികൾ ഒന്നടങ്കം കൈകോര്‍ക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മലയാളികൾ ദൗത്യം ഏറ്റെടുത്ത് ആ വിശ്വാസം തെളിയിച്ചു. അബ്‌ദുൾ റഹീമിനെ ജീവനോടെ നാട്ടിലെത്തിച്ച ശേഷം ഉമ്മയുടെ അടുത്തേക്ക് പോകും.
അബ്‌ദുൾ റഹീം മോചിതനായി തിരിച്ചെത്തിയാൽ ജോലി നൽകും. അദ്ദേഹത്തിന് സമ്മതമാണെങ്കിൽ തന്‍റെ റോൾസ്റോയ്‌സ് കാറിന്‍റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂരിന്‍റെ വാഗ്‌ദാനം.
റഹീമിന് വേണ്ടി നേരത്തെ പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ആ പണം റഹീമിന്‍റെ പുനരധിവാസത്തിനായി ചെലവഴിക്കും. അബ്‌ദുൾ റഹീം തിരിച്ചെത്തിയാൽ ഉപജീവനത്തിന് വേണ്ടി ബോച്ചെ ടീ പൗഡർ ഹോൾസെയിൽ ഷോപ്പ് വെച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. പണം കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ ബോബി ചെമ്മണ്ണൂര്‍, പല കുപ്രചാരണങ്ങളും ഉണ്ടായെന്നും എന്നാൽ എല്ലാം മറികടക്കാനായതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
Also Read :