ഇടുക്കി: മൈദപ്പൊടി കുഴച്ച് ഉരുട്ടി പന്ത് രൂപത്തിലാക്കിക്കഴിഞ്ഞാല്‍ പിന്നെ പരത്തി തട്ടില്‍ വീശിയടിക്കണം. പിന്നെ പാതിയാക്കി മുറിച്ചെടുത്ത് വീണ്ടും ഉരുട്ടി ചുറ്റിയെടുത്ത് പരത്തി കല്ലിലിട്ട് ചുട്ടെടുക്കണം. ചൂടോടെ തന്നെ രണ്ടു കൈയും ചേര്‍ത്ത് അടിച്ച് കശക്കിയെടുക്കുന്നതോടെ ടേസ്റ്റി പൊറോട്ട റെഡി.
ഫാഷന്‍ ഷോയ്ക്ക് റാമ്പുകളില്‍ ചുവടുവെക്കുമ്പോള്‍ മെയ്യഴക് പൂര്‍ണമായും വെളിവാക്കണം. ശരീരവടിവ് ദൃശ്യമാകുന്ന തരത്തിലുള്ള വേഷവിധാനങ്ങല്‍ വേണം.ചുവടുവെപ്പിലും ശ്രദ്ധ വേണം.ചര്‍മസംരക്ഷണത്തിലും കേശ സംരക്ഷണത്തിലും ശ്രദ്ധ വേണം.
ആദ്യം പറഞ്ഞത് നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പൊറോട്ടാ മാസ്റ്റര്‍മാര്‍ പിന്തുടരുന്ന ശൈലിയാണ്. രണ്ടാമത്തേത് ഫാഷന്‍ ഷോകളില്‍ മാറ്റുരയ്ക്കുന്ന മോഡലുകള്‍ പിന്തുടരുന്ന കാര്യങ്ങളും. ഇതു രണ്ടും ഒരു പോലെ കൊണ്ടു നടക്കുന്ന ആളുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. അത്തരത്തിലൊരാളെ ഇടുക്കി നെടുങ്കണ്ടംകാര്‍ക്കറിയാം.
വര്‍ഷങ്ങള്‍ക്കു മുമ്പ് നേപ്പാളില്‍ നിന്ന് നെടുങ്കണ്ടത്തെത്തിയതാണ് അക്കല്‍ ടൈല.ജീവിതമാര്‍ഗമായി അക്കല്‍ കണ്ടത് പൊറോട്ടയടിയായിരുന്നു. അങ്ങിനെ നെടുങ്കണ്ടത്തെ ഒരു ഹോട്ടലില്‍ പൊറോട്ട മേക്കറായി കൂടി.മലയാളം പഠിച്ചെടുത്തു. പതുക്കെ അവന്‍ നെടുങ്കണ്ടംകാരുടെ സ്വന്തം അക്കോസേട്ടനായി.സുന്ദരനായ അക്കല്‍ നന്നായി പൊറോട്ടയടിക്കും. അതിനപ്പുറം ഈ ചെറുപ്പക്കാരന് മോഡലിങ്ങ് മോഹങ്ങളുണ്ടെന്ന് അധികം നെടുങ്കണ്ടംകാര്‍ക്കറിയില്ലായിരുന്നു.
അങ്ങിനെയിരിക്കേ എറണാകുളത്ത് ഫാഷന്‍ സൂം മല്‍സരം നടക്കുന്നു. അവിടെ കേരള കോണ്‍ഫിഡന്‍റ് ഐക്കണായി തെരഞ്ഞെടുക്കപ്പെട്ട മോഡലിന്‍റെ ഫോട്ടോ കണ്ട് നെടുങ്കണ്ടം കാരൊന്ന് ഞെട്ടി.നല്ല പരിചയമുള്ള മുഖം.ഇടുക്കിയിലെ നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലെ അല്ലൂസ് തട്ടുകടയില്‍ നല്ല ചൂട് പൊറോട്ടയും ദോശയും ഓം ലെറ്റുമൊക്കെ ഒരുക്കുന്ന ചെറുപ്പക്കാരന്‍റെ അതേ ഛായ. കേരളത്തിലെ ഫാഷൻ റാമ്പുകളിൽ തരംഗമായ നേപ്പാളി മുഖം, തങ്ങളുടെ സ്വന്തം അക്കലിന്‍റേതാണെന്ന് അവര്‍ അഭിമാനപൂര്‍വ്വം തിരിച്ചറിഞ്ഞു.
ഫാഷൻ റാമ്പുകളിൽ അത്ഭുതം സൃഷ്‌ടിച്ച് മുന്നേറുന്ന അക്കല്‍ ടൈലക്ക് റാമ്പിന്‍റെ താളവും പൊറോട്ടയടിയുടെ താളവും ഒരുപോലെ വഴങ്ങും. ജീവിതം കരുപിടിപ്പിയ്ക്കാന്‍ ഹോട്ടൽ ജോലി ചെയ്യുമ്പോഴും മോഡലിംഗിനോടുള്ള അടങ്ങാത്ത ആഗ്രഹവും നിശ്ചയദാർഢ്യവുമാണ് നേപ്പാളുകാരന്‍ അക്കല്‍ ടൈലയെ ഫാഷന്‍ റാംപുകളില്‍ എത്തിച്ചത്." രണ്ടു വര്‍ഷം മുമ്പാണ് മോഡലിങ്ങിനോട് താല്‍പ്പര്യം തോന്നിത്തുടങ്ങിയത്. ആദ്യം ഒന്നും അറിയില്ലായിരുന്നു. പിന്നീട് കുറേ കാര്യങ്ങള്‍ മനസ്സിലാക്കി. മോഡലിങ്ങ് എനിക്ക് പറ്റുമെന്നും നല്ല ഫിറ്റ്നെസ്സുണ്ടെന്നും പലരും പറഞ്ഞിരുന്നു. അവസരം കുറവായിരുന്നെങ്കിലും കിട്ടുന്ന ഷോകളില്‍ പങ്കെടുത്തു. ഏതാനും പരസ്യ ചിത്രങ്ങളും ലഭിച്ചു. അതിനിടെയാണ് കേരള കോണ്‍ഫിഡന്‍റ് ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടത്. " അക്കല്‍ ചൈല ഫറയുന്നു.
നിരവധി ഫാഷന്‍ ഷോകളില്‍ ഇതിനകം പങ്കെടുത്ത അക്കൽ നിരവധി പരസ്യ ചിത്രങ്ങളിലും മുഖം കാണിച്ചിട്ടുണ്ട്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേപ്പാള്‍ ധംഗധിയില്‍ നിന്നും സഹോദരനും മാതാപിതാക്കള്‍ക്കുമൊപ്പം എത്തിയ അക്കൽ ഇന്ന് നെടുങ്കണ്ടംകാരുടെ പ്രിയങ്കരനാണ്. മാതാപിതാക്കള്‍ പിന്നീട് തിരികെ മടങ്ങിയെങ്കിലും അക്കലും ചേട്ടനും നന്നായി മലയാളം സംസാരിക്കുന്ന തനി നെടുങ്കണ്ടംകാരായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അല്ലൂസ് തട്ടുകട ഉടമ അല്‍ അമീനും, സുഹൃത്തുക്കളും നല്‍കുന്ന പിന്തുണയാണ് അക്കലിന്‍റെ മുതല്‍കൂട്ട്. ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ അല്‍ക്ക പോകുമ്പോള്‍, കട അടച്ചിടേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. ജീവിതം കരുപിടിപ്പിയ്ക്കാന്‍ കേരളമേകിയ കരുത്ത്, മോഡലിംഗിലെ തന്‍റെ സ്വപ്‌നങ്ങള്‍ നേടാനും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.