തിരുവനന്തപുരം : എകെജി സെന്‍റർ ആക്രമണ കേസ് ഈ മാസം 27ന് വിചാരണ കോടതിക്ക് കൈമാറും. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് നടപടി. പ്രാഥമിക നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കേസ് വിചാരണ കോടതിക്ക് കൈമാറുക.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻ്റ് കണ്ണൻ എന്ന ജിതിനാണ് കേസിലെ ഒന്നാം പ്രതി. ചിന്നു എന്ന നവ്യയാണ് രണ്ടാം പ്രതി. കേസിലെ മറ്റ് പ്രതികള്‍ ഒളിവിലാണ്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 436 (തീ വയപ്പ്), 427 (ഗൂഢാലോചന), സ്‌ഫോടക വസ്‌തു നിയമത്തിലെ 3 (a) 5 (a) എന്നീ വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ 93 സാക്ഷികളുണ്ട്. 2022 ജൂൺ 30ന് രാത്രി11.25നാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. എകെജി സെന്‍ററിന് നേരെ ബോംബ് എറിഞ്ഞ് ഭീതി പരത്തിയെന്നതാണ് ക്രൈംബ്രാഞ്ച് കേസ്.