എറണാകുളം: ജീവനക്കാരുടെ സമരം അവസാനിച്ചെങ്കിലും മൂന്നാം ദിനവും യാത്ര പ്രതിസന്ധി ഒഴിയാതെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള അഞ്ച് അന്താരാഷ്‌ട്ര സര്‍വീസുകളും ആറ് ആഭ്യന്തര സര്‍വീസുകളുമാണ് ഇന്ന് (മെയ് 10) റദ്ദാക്കിയത്. മസ്ക്കറ്റ്, ദോഹ, ദമാം എന്നിവിടങ്ങളിലേക്കും കൂടാതെ ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള മറ്റ് ആറ് സർവീസുകളും മുടങ്ങി.
സര്‍വീസ് റദ്ദാക്കുന്ന വിവരം യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. അതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലേത് പോലുള്ള പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചു. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ മാത്രമെ സർവീസുകൾ പൂർവ്വ സ്ഥിതിയിലാവുകയുള്ളൂവെന്നാണ് ലഭ്യമാകുന്ന വിവരം.
വേതന വർധനവ് ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ കൂട്ടത്തോടെ മെഡിക്കൽ ലീവെടുത്ത് പ്രതിഷേധിച്ചത്. ഇത് അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളെ പ്രതികൂലമായി ബാധിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഡൽഹി ലേബർ കമ്മിഷണറും എയർ ഇന്ത്യ മാനേജ്മെൻ്റും ജീവനക്കാരുടെ സംഘടന പ്രതിനിധികളും തമ്മിൽ ചര്‍ച്ച നടത്തി.
കമ്പനി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. അതേസമയം സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് വിദേശത്ത് എത്താൻ കഴിയാതെ ജോലി നഷ്‌ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞ് പ്രതിസന്ധിയിലായവരും നിരവധിയാണ്.