എറണാകുളം: എയൽ ഇന്ത്യയിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് രണ്ടാം ദിവസവും വിമാന യാത്ര പ്രതിസന്ധി തുടരുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മസ്ക്കറ്റിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് റദ്ദാക്കി. IX443 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.
കൊച്ചിയിൽ നിന്നും രാവിലെ 8:50ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ഇതോടെ യാത്രയ്ക്കായി എത്തിയ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അതേസമയം, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ ആഭ്യന്തര സര്‍വീസുകളെയാണ് ഇന്ന് ജീവനക്കാരുടെ പ്രതിഷേധം കാര്യമായി ബാധിച്ചിരിക്കുന്നത്.
ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള ഒമ്പത് വിമാനങ്ങള്‍ ഇന്ന് ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സർവീസുകളെ ബാധിക്കാത്ത രീതിയിൽ ജീവനക്കാരെ പുനക്രമീകരിച്ചതോടെയാണ് കൂടുതൽ ആഭ്യന്തര സർവീസുകളെ പ്രതിഷേധം ബാധിച്ചത്. ഇന്നലെ നിരവധി അന്താരാഷ്ട്ര സർവീസുകളെ ജീവനക്കാരുടെ സമരം ബാധിച്ചിരുന്നു.
ഇതേ തുടർന്ന് നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങിയിരുന്നു. ജീവനക്കാരുമായി എയർ ഇന്ത്യ മാനേജ്മെൻ്റ് ചർച്ച് നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. ഇന്നലെ ഷാർജ, മസ്ക്കറ്റ് , ദമാം , ബഹറൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ധാക്കിയത്.
ഒരു വർഷത്തിലേറെയായി വേതനം വർധനവ് എന്ന ആവശ്യം ഉന്നയിച്ചെങ്കിലും മാനേജ്മെൻ്റ് അവഗണിച്ച സാഹചര്യത്തിലാണ് മിന്നൽ പണിമുടക്ക് എന്നാണ് ജീവനക്കാരുടെ സംഘടന പറയുന്നത്. മെഡിക്കൽ ലീവെടുത്ത് ജീവനക്കാർ കൂട്ടത്തോടെ പണിമുടക്കിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് മാനേജ്‌മെൻ്റ് എന്നാണ് സൂചന. പണിമുടക്കിയ ജീവനക്കാർക്ക് മാനേജ്‌മെന്‍റ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.