തിരുവനന്തപുരം : എയർ ഇന്ത്യ ജീവനക്കാരുടെ സമരം കാരണം ഉറ്റവരുടെ യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ബന്ധുക്കളെ കാണാനാകാതെ, ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. തിരുവനന്തപുരം കരമന നെടുങ്കാട് താമസിക്കുന്ന തമിഴ്‌നാട് മധുര സ്വദേശി ആര്‍ നമ്പി രാജേഷ് (40) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയിലായിരുന്ന നമ്പിയെ കാണാന്‍ ഭാര്യ അമൃതയും അമ്മ ചിത്രയും എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നെങ്കിലും ജീവനക്കാരുടെ സമരം കാരണം യാത്ര മുടങ്ങിയിരുന്നു. ആന്‍ജിയോപ്ലാസ്‌റ്റിക്ക് ശേഷം ശനിയാഴ്‌ചയായിരുന്നു നമ്പി രാജേഷ് മസ്‌കറ്റിലെ ഫ്‌ളാറ്റിലെത്തിയത്.
സുഹൃത്തുക്കളോടൊപ്പമായിരുന്നു അദ്ദേഹം മസ്‌കറ്റില്‍ താമസിച്ചിരുന്നത്. തിരികെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് കുടുംബവും സുഹൃത്തുക്കളും.
കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യയുടെ യാത്രാവിമാനങ്ങള്‍ തൊഴിലാളി സമരം കാരണം റദ്ദാക്കപ്പെട്ടത്. പിറ്റേ ദിവസം വീട്ടുകാര്‍ക്ക് പോകാന്‍ വിമാന കമ്പനി ടിക്കറ്റ് നല്‍കിയെങ്കിലും റദ്ദാക്കപ്പെട്ടതിനാല്‍ ഇവര്‍ക്ക് മസ്‌കറ്റിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.