തിരുവനന്തപുരം : വഞ്ചിയൂർ പാൽകുളങ്ങര, പോസ്റ്റ് ഓഫിസ് ലെയ്‌നിന് സമീപത്ത് ഇന്ന് രാവിലെ നടന്ന വെടിവയ്പ്പിൽ ആക്രമി രണ്ട് തവണ വെടിയുതിർത്തെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ ഐപിഎസ്. അന്വേഷണത്തിന്‍റെ ഭാഗമായി വെടിവയ്പ്പുണ്ടായ വഞ്ചിയൂരിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അന്വേഷണം തുടരുകയാണ്.
'ഷിനിയെ തന്നെ കാണണമെന്ന് പ്രതി നിർബന്ധം പിടിച്ചു. രണ്ട് തവണ വെടിവച്ചു, എന്താണ് ഡിവൈസ് എന്ന് സ്ഥിരീകരിച്ചിട്ടില്ല. കൈക്ക് ചെറിയ പരിക്കാണുള്ളത്. വീട്ടുകാർ പറഞ്ഞത് അനുസരിച്ചാണെങ്കില്‍ ശരീരം മുഴുവൻ മറച്ചാണ് അക്രമി എത്തിയത്. പ്രാഥമിക മൊഴിയിൽ നിന്ന് അക്രമി സ്ത്രീയെന്ന് കരുതുന്നു. അന്വേഷണത്തിന് ശേഷം മാത്രമെ എന്തെങ്കിലും പറയാനാകു' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതി സഞ്ചരിച്ചെന്ന് സംശയിക്കുന്ന വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പരിക്കേറ്റ ഷൈനിയെ ആക്രമിച്ച ശേഷം പ്രതി കാറിൽ സ്ഥലത്ത് നിന്നും രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വഞ്ചിയൂർ പൊലീസിന് ലഭിച്ചത്. സ്ഥലത്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ 8:30 ഓടെയായിരുന്നു സംഭവം. കൊറിയർ നൽകാനെന്ന വ്യാജേന അക്രമി ഷൈനിയെ വീടിന് പുറത്തേക്ക് വിളിക്കുകയും വലതു കയ്യിൽ എയർ ഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയുമായിരുന്നുവെന്നാണ് പൊലീസിന് ഷൈനി നൽകിയ മൊഴി. പരിക്കേറ്റ ഷൈനി കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.