കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ ഡീപ് ഫേക്ക് തട്ടിപ്പ് കേസിൽ പിടിയിലാകാനുള്ള പ്രതിക്കും മുഖ്യ പങ്കെന്ന് അന്വേഷണ സംഘം. മഹാരാഷ്ട്ര പൂനെ സ്വദേശി പ്രശാന്ത് എന്ന ബിവിൻ ആണ് കോഴിക്കോട്ടെ തട്ടിപ്പിന്‍റെ സാങ്കേതിക ബുദ്ധിയെന്ന് പ്രതി കൗശൽ ഷായുടെ മൊഴി (AI deep fake fraud case Kozhikode investigation team says one more has key role in the scam). തിഹാർ ജയിലിൽ റിമാന്‍റിൽ കഴിയുന്ന കൗശലിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു.
തട്ടിപ്പിനായി കോഴിക്കോട് സ്വദേശിയായ പി.എസ് രാധാകൃഷ്‌ണനെ കണ്ടെത്തിയതും സാങ്കേതിക വിദ്യ പ്രയോഗിച്ചതും പ്രശാന്താണെന്നാണ് കൗശലിന്‍റെ മൊഴി. കേസിൽ റിമാന്‍റിലായ സിദ്ധേഷ് ആനന്ദ്, അമരിഷ് അശോക് പാട്ടീൽ എന്നിവരിൽ നിന്നാണ് പ്രശാന്തിന്‍റെ പങ്ക് ആദ്യം പൊലീസിന് മനസിലായത്. കൗശലിനെ ചോദ്യം ചെയ്‌തതോടെ ഇതിൽ കൂടുതൽ വ്യക്തത വന്നു. എന്നാൽ ബിവിൻ എന്ന പേരാണ് കൗശൽ പൊലീസിനോട് പറഞ്ഞത്. സിസിടിവി ദൃശ്യം കാണിച്ച് കൗശൽ തിരിച്ചറിഞ്ഞതോടെയാണ് രണ്ടും ഒരാളാണെന്ന് മനസിലായത്.
- " class="align-text-top noRightClick twitterSection" data="">
ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലും സാങ്കേതിക ബുദ്ധി പ്രയോഗിച്ചത് പ്രശാന്താണെന്ന് കൗശൽ മൊഴി നൽകി. കേരളത്തിലെ തട്ടിപ്പ് നടത്തി പിടിയിലാകും എന്ന് മനസിലായതോടെ കൗശൽ ഷാ നേപ്പാളിലേക്ക് കടന്നു. കേരള പൊലീസ് കൈമാറിയ വിവരങ്ങൾ അനുസരിച്ച് ഡൽഹി പൊലീസ് നേപ്പാളിൽ നിന്നാണ് കൗശലിനെ അറസ്റ്റ് ചെയ്‌തത്.
ഓൺലൈനിൽ എംബിഎ പൂർത്തിയാക്കിയ കൗശൽ തട്ടിപ്പിലൂടെ (Kozhikode AI deep fake fraud case) 9 കോടി രൂപ സമ്പാദിച്ചിരുന്നു. പിന്നീടെല്ലാം ധൂർത്തടിച്ച് നഷ്‌ടപ്പെടുത്തുകയായിരുന്നു. ജയിൽ മോചിതനായാലും ഈ പണി തുടരുമെന്ന് പൊലീസിനോട് പറഞ്ഞ കൗശൽ വീട്ടിലേക്ക് തിരിച്ച് പോകില്ലെന്നും പറഞ്ഞു.
അതേ സമയം കോഴിക്കോട്ടെ കേസിൽ ഫോൺ വഴി തട്ടിപ്പ് ഫലപ്രദമാക്കിയത് പ്രശാന്ത് എന്ന ബിവിൻ ആണെന്ന് ഏറെക്കുറെ പൊലീസ് ഉറപ്പിച്ചു. പൊലീസ് ഇയാളുടെ വിവരങ്ങൾ ശേഖരിച്ച്, പിടികൂടാനുള്ള ആസൂത്രണത്തിലാണ്. നവ മാധ്യമ വോയ്‌സ് കോളുകളിലൂടെ മാത്രം ആശയ വിനിമയം നടത്തുന്ന വ്യക്തിയാണ് പ്രതി. ഗോവ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനമെന്നും പൊലീസിന് മനസിലായിട്ടുണ്ട്.
ഇയാളെ കൂടി പിടികൂടുന്നതോടെ ഈ ദൗത്യം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ജനുവരി 27, 28 തിയതികളിലാണ് പ്രതിയെ തിഹാർ ജയിലിലെത്തി പൊലീസ് ചോദ്യം ചെയ്‌തത്. സൈബർ സെൽ ഇൻസ്പെക്‌ടർ ദിനേഷ്, സീനിയർ സിപിഒ ബീരജ്, സിറ്റി പൊലീസ് കമ്മീഷണർ സ്ക്വാഡിലെ എസ്. ഐ മോഹൻദാസ് എന്നിവരാണ് സംഘത്തിലുള്ളത്. ചോദ്യം ചെയ്യലിന് ശേഷം സംഘം കേരളത്തിലേക്ക് തിരിച്ചു.
ഡൽഹി പൊലീസ് അന്വേഷിച്ച മറ്റൊരു കേസിൽ അറസ്റ്റിലായ (Kozhikode AI deep fake fraud case accused arrest) കൗശൽ ഷാ തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്. അതി വിദഗ്‌ദനായ തട്ടിപ്പുകാരനാണ് കൗശലെന്ന് പൊലീസ് പറഞ്ഞു. എഐ ഡീപ് ഫെയ്ക്ക് സാങ്കേതിക വിദ്യയിലൂടെ വീഡിയോ കോളില്‍ രൂപവും ശബ്‌ദവും വ്യാജമായി സൃഷ്‌ടിച്ചാണ് ഇയാൾ കോഴിക്കോട് സ്വദേശിയായ പി. എസ് രാധാകൃഷ്‌ണനില്‍ നിന്നും 40000 രൂപ തട്ടിയെടുത്തത്.
അഹമ്മദാബാദ് സ്വദേശിയുടെ ജിയോ പെയിമെന്‍റ് അക്കൗണ്ടിലേക്ക് എത്തിയ തുക നാലുതവണയായി മഹാരാഷ്ട്ര ആസ്ഥാനമായ രത്നാകര്‍ ബാങ്കിന്‍റെ ഗോവയിലെ ശാഖയില്‍ നിക്ഷേപിച്ചു. ഗോവയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. പൊലീസ് ഒടുവിൽ പണം ബ്ലോക്ക് ചെയ്യുകയായിരുന്നു. രാധാകൃഷ്‌ണന് കഴിഞ്ഞ ദിവസം പണം തിരിച്ച് കിട്ടിയിരുന്നു.
Also read: കോഴിക്കോട്ടെ എഐ ഡീപ് ഫേക്ക് തട്ടിപ്പ്; മുഖ്യപ്രതി കൗശൽ ഷായെ കേരള പൊലീസ് ചോദ്യം ചെയ്‌തു