ഇടുക്കി: അബദ്ധം മനുഷ്യർക്ക് മാത്രമല്ല എഐ ക്യാമറകൾക്കും പറ്റും. അത് തിരുത്തേണ്ട ഉദ്യോഗസ്ഥരാകട്ടെ നാട്ടുകാർക്ക് പണി കൊടുക്കും. ഇടുക്കി നെടുങ്കണ്ടം സ്വദേശിക്ക് സീറ്റ് ബെൽറ്റ് ധരിക്കാത്തതിൻ്റെ പേരിൽ പിഴ വന്നത് സീറ്റ് ബെൽറ്റ് ധരിച്ച് ഡ്രൈവ് ചെയ്യുന്ന ചിത്രമടക്കം. സംഭവം വിവാദമായി പരാതി ഉയർന്നതോടെ സൈറ്റിൽ നിന്ന് അടക്കം ചെലാൻ മുക്കി മോട്ടോർ വാഹന വകുപ്പ് തടിയൂരി.
കഴിഞ്ഞ മെയ് 12ന് കോട്ടയത്തേക്ക് വിവാഹ ആവശ്യത്തിന് ആയി നെടുങ്കണ്ടം സ്വദേശികളായ ഇ.എം കാസിംകുട്ടിയും മകൻ അൻവറും പോകവെയാണ് തലയോലപ്പറമ്പിൽ വച്ച് എഐ ക്യാമറ സീറ്റ് ബെൽറ്റ് ധരിച്ച് യാത്ര ചെയ്യുന്ന ഇവരുടെ ചിത്രം വൃത്തിയായി പകർത്തിയത്.
കൺട്രോൾ റൂമിൽ ഇരുന്ന ഉദ്യോഗസ്ഥർ പിന്നെ ഒട്ടും താമസിച്ചില്ല. 500 രൂപ പിഴയടിച്ച് ചെലാന്‍ ഫോം അയച്ചു. കയ്യിൽ കിട്ടിയ ചെലാൻ ഫോം സൂം ചെയ്‌ത് നോക്കിയപ്പോഴാണ് സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ട് എന്നുള്ള കാര്യം കാസിം കുട്ടിക്ക് മനസിലാകുന്നത്. പരാതി പറയുവാനായി കോട്ടയം എൻഫോഴ്സ്മെൻ്റ് ഓഫീസിലേക്ക് വിളിച്ചപ്പോൾ റിസീവർ മാറ്റിവച്ച് ഉദ്യോഗസ്ഥർ കൊച്ചു വർത്തമാനം പറയുന്നു. എന്തായാലും സംഭവം വിവാദമായതോടെ ഓൺലൈനിൽ നിന്ന് അടക്കം ചെലാൻ ഫോം പിൻവലിച്ച് മോട്ടോർ വാഹന വകുപ്പ് തടിയൂരി.
Also Read: വേനൽ ചൂടിനെ തോൽപിച്ച് ഇടുക്കി; സഞ്ചാരികളുടെ എണ്ണത്തിൽ റേക്കോർഡിട്ട് ഇരവികുളം