കാസർകോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി രക്ഷിതാവ് വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്താൻ കുട്ടികളെക്കൊണ്ട് സത്യവാങ്മൂലം എഴുതിവാങ്ങിക്കുന്ന ബോധവൽക്കരണ പരിപാടി നിർത്തിവെക്കാൻ ജില്ലാ കലക്‌ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി (Affidavit By Children To Ensure Parent Will Vote). സ്വീപ് നോഡൽ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്.
രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്ന് തങ്ങൾ ഉറപ്പുവരുത്തുമെന്ന കുട്ടികളും, തങ്ങൾ വോട്ട് ചെയ്യുമെന്ന രക്ഷിതാക്കളും ഒപ്പിട്ടു നൽകേണ്ട സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താമെന്ന സത്യവാങ്മൂലത്തിൽ രക്ഷിതാവും വിദ്യാർഥിയും ഒപ്പിടണമെന്നായിരുന്നു നിർദ്ദേശം.
ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി കൈമാറിയിരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് ചെയ്യാൻ വീട്ടുകാരെ പ്രേരിപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാർഥി ഒപ്പിടണം.
ഉത്തരവാദിത്തപ്പെട്ട പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. ജില്ലയിലെ മുഴുവൻ വിദ്യാർഥികളും നിശ്ചിത മാതൃകയിൽ പ്രതിജ്ഞ തയ്യാറാക്കണെന്നായിരുന്നു നിർദ്ദേശം. എന്നാൽ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും എതിർപ്പ് ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പ്രതിജ്ഞ പിൻവലിച്ചതെന്നാണ് സൂചന.