തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ സംഭവത്തിൽ മുന്നണിക്കുള്ളിൽ അമർഷം പുകയുന്നതിനിടെ നിർണായക എൽഡിഎഫ് യോഗം ഇന്ന്. കൂടിക്കാഴ്‌ചയുടെ കാരണം എന്താണെന്നതിലും തുടർ നടപടികളിലും ഇന്നത്തെ (സെപ്‌റ്റംബർ 11) യോഗത്തിൽ മുഖ്യമന്ത്രി മറുപടി നൽകുമെന്നാണ് പ്രതീക്ഷ. മൂന്ന് മണിക്ക് എകെജി സെന്‍ററിലാണ് യോഗം.
ആർഎസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്‌ചയിൽ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും ആർജെഡിയും അതൃപ്‌തി പരസ്യമാക്കിയിരുന്നു. ഇന്നലെ (സെപ്‌റ്റംബർ 10) കോവളത്ത് നടന്ന സിപിഎം ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷം കോൺഗ്രസിനെതിരെയും മാധ്യമങ്ങൾക്കെതിരെയും വിമർശനം അഴിച്ചു വിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. അതേസമയം പ്രസംഗത്തിനിടെ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ചയെ കുറിച്ച് പ്രതികരണമൊന്നുമുണ്ടായില്ല.
ആർഎസ്എസ് നേതാവ് റാം മാധവുമായി കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു എഡിജിപിയുടെ കൂടിക്കാഴ്‌ച. എഡിജിപിക്കൊപ്പം രണ്ട് വ്യവസായികളും കൂടിക്കാഴ്‌ചയിലുണ്ടായിരുന്നതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
ഒഴിഞ്ഞുമാറി എംവി ഗോവിന്ദന്‍: എംആർ അജിത് കുമാർ ആരുമായി കൂടിക്കാഴ്‌ച നടത്തിയാലും പാർട്ടിക്ക് ഒന്നുമില്ലെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒഴിഞ്ഞ് മാറിയിരുന്നു. സിപിഎം ആർഎസ്എസ് ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങൾ അവജ്ഞയോടെ തള്ളി കളയുന്നുവെന്നും മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
ഇന്നത്തെ മന്ത്രിസഭ യോഗത്തിലും അതിന് ശേഷം ചേരുന്ന എൽഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ അപ്പാടെ ബാധിച്ച ഇപി ജയരാജൻ, പ്രകാശ് ജാവേദ്ക്കർ കൂടിക്കാഴ്‌ചയിൽ ഇപിയെ പുറത്താക്കി പാർട്ടി കൈ കഴുകുമ്പോഴാണ് വീണ്ടും ആർഎസ്എസ് ബന്ധം പാർട്ടിയെ ഉലയ്ക്കുന്നത്. കൂടിക്കാഴ്‌ചയിൽ നടപടി ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ രംഗത്ത് വന്നതോടെ ഇന്നത്തെ മുന്നണി യോഗത്തിൽ സിപിഎമ്മിന് വിഷയം ചർച്ചയാക്കാനാകില്ല.
എന്താണ് തെറ്റെന്ന് സുരേന്ദ്രന്‍: പൊതു പ്രവർത്തകനുമായി ഒരു ഉദ്യോഗസ്ഥൻ ചർച്ച നടത്തുന്നതിൽ എന്താണ് കുഴപ്പമെന്നായിരുന്നു ഇതു സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ പ്രതികരണം. വിഷയം സർക്കാരിനെതിരെയും ബിജെപിക്കെതിരെയും ഒരു പോലെ ആയുധമാക്കുകയാണ് പ്രതിപക്ഷം.