എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടര്‍ച്ചയായി ജാമ്യ ഹർജി നൽകിയ പൾസർ സുനിക്ക് പിഴ ചുമത്തി ഹൈക്കോടതി. തുടർച്ചയായി ജാമ്യാപേക്ഷ നൽകുന്നതിനാല്‍ ഇയാള്‍ക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു.
ഏപ്രിൽ 16 ലെ പൾസർ സുനിയുടെ ജാമ്യഹർജി മേയ് 20ന് തളളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23ന് വീണ്ടും പ്രതി ജാമ്യഹർജി നൽകുകയായിരുന്നു. പ്രതിയുടെ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങള്‍ക്ക്, 3 ദിവസത്തിനുള്ളിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. പിഴ ചുമത്തുന്നത് സംബന്ധിച്ച് കോടതി അമിക്കസ് ക്യൂറിയേയും നിയോഗിച്ചിരുന്നു.
ജാമ്യത്തിനായി 10 തവണ ഹൈക്കോടതിയേയും രണ്ടു തവണ സുപ്രീംകോടതിയേയും സുനി സമീപിച്ചെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നെന്ന് ജാമ്യ ഹർജി പരിഗണിച്ച ജസ്‌റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. ഓരോ തവണ ജാമ്യാപേക്ഷ നൽകാനും, വ്യത്യസ്‌ത അഭിഭാഷകരെ നിയോഗിക്കാനും പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും, അല്ലെങ്കിൽ സഹായിക്കാനായി പിന്നിൽ മറ്റാരോ ഉണ്ടെന്നു വ്യക്തമാണെന്നും കോടതി വിമർശിച്ചു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പൾസര്‍ സുനി.