തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ സംഘത്തിലെ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായർ തന്‍റെ ഭർത്താവാണെന്ന വെളിപ്പെടുത്തലുമായി നടി ലെന. പ്രധാനമന്ത്രി പ്രശാന്തിന്‍റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ഇൻസ്‌റ്റഗ്രാമിലൂടെയാണ് ലെന വെളിപ്പെടുത്തൽ നടത്തിയത്. താനും പ്രശാന്തും ഇക്കഴിഞ്ഞ ജനുവരി 17-ന് വിവാഹിതരായെന്നാണ് ലെന ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ അറിയിച്ചത്.
ഔദ്യോഗികമായ രഹസ്യസ്വഭാവം ഉണ്ടായിരുന്നതിനാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന അറിയിച്ചു. തങ്ങളുടേത് പരമ്പരാഗത രീതിയിൽ നടന്ന ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്നും നടി ഇൻസ്‌റ്റഗ്രാ പോസ്‌റ്റിൽ പറഞ്ഞു. പരമ്പരാഗത വേഷത്തിൽ ബന്ധുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും നടി പോസ്‌റ്റിൽ പങ്കുവച്ചിട്ടുണ്ട്.
ലെനയുടെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിന്‍റെ പൂർണ്ണരൂപം:
ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.
ലെനയും പ്രശാന്തും വിവാഹ ചിത്രം
പാലക്കാട് നെന്മാറ പഴയഗ്രാമം സ്വദേശിയാണ് 25 വർഷമായി അദ്ദേഹം വ്യോമസേനയിൽ പ്രവർത്തിക്കുന്ന പ്രശാന്ത്. നെന്മാറ സ്വദേശി വിളമ്പിൽ ബാലകൃഷ്‌ണന്‍റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ്. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റായ പ്രശാന്ത് ഗ്രൂപ്പ് ക്യാപ്റ്റൻ കൂടിയാണ്. പാലക്കാട് അകത്തേത്തറ എൻ എസ് എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെയാണ് പ്രശാന്തിന് നാഷനൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം ലഭിച്ചത്. അക്കാദമിയിലെ പഠനത്തിന് ശേഷം 1999 ലാണ് അദ്ദേഹം കമ്മിഷൻഡ് ഓഫിസറായി വ്യോമസേനയുടെ ഭാഗമായത്. ഇതിനിടെ യുഎസ് എയർ കമാൻഡ് ആൻഡ് സ്‌റ്റാഫ് കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദം പൂർത്തിയാക്കി. 1998 ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കി.
Also Read: ഗഗൻയാൻ ദൗത്യം : സംഘത്തലവനായി മലയാളി, യാത്രികരെ പ്രഖ്യാപിച്ചു