കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജിയുടെ അന്വേഷണ റിപ്പോർട്ട്. 2018 ജനുവരി ഒന്‍പതിന് രാത്രിയിൽ അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, 2018 ഡിസംബർ 13-ന് ജില്ല കോടതിയിലെ ബെഞ്ച് ക്ലർക്ക് മഹേഷ്, 2021 ജൂലൈ 19-ന് വിചാരണ കോടതി ശിരസ്‌താദർ താജുദീൻ എന്നിവരാണ് നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചത്.
അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചതെന്നും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗ്ഗീസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ ജഡ്‌ജിയുടെ നിർദേശ പ്രകാരമാണ് രണ്ടാമത് മെമ്മറി കാർഡ് പരിശോധിച്ചതെന്നാണ് ജില്ലാ കോടതിയിലെ ബഞ്ച് ക്ലർക്ക് മഹേഷിന്‍റെ മൊഴി.
വിചാരണ കോടതി ശിരസ്‌തദാർ താജുദീനാണ് മെമ്മറി കാർഡ് അവസാനമായി വിവോ ഫോണിലിട്ട് പരിശോധിച്ചത്. എന്നാല്‍ ഇ വിവോ ഫോൺ 2022-ൽ ഒരു യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടുവെന്നാണ് താജുദീന്‍റെ മൊഴി. അതേസമയം അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ച ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കുറ്റാരോപിതരെ സംരക്ഷിക്കുന്നതാണ് ഹണി എം വർഗ്ഗീസിന്‍റെ റിപ്പോർട്ടെന്നും ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
പരാതിക്കാരിയായ തന്‍റെ ഭാഗം കേൾക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടു. കൂടാതെ അന്വേഷണത്തിന് പൊലീസിന്‍റെ സഹായം തേടിയില്ല. അതിനാൽ റിപ്പോർട്ട് റദ്ദാക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ കോടതി നിരീക്ഷണത്തോടെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ മറ്റൊരാവശ്യം. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.
മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നടിക്ക് നൽകാൻ ഫെബ്രുവരിയില്‍ ഹൈക്കോടതി നിർദേശിച്ചിരുന്നു. നടിയുടെ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പകർപ്പ് വേണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നടിക്ക് പകർപ്പ് കൈമാറുന്നതിനെയും ദിലീപ് എതിർത്തിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
Also Read: ചാക്കിലെ പൂച്ച പുറത്തുചാടി: നടിയെ അക്രമിച്ച കേസിലെ പ്രതികളെ വിമർശിച്ച് ഹൈക്കോടതി