കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് മതിയായ നഷ്‌ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് മുഹമ്മദ് റിജാസ് കുടുംബസഹായ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് വൈദ്യുത ഭവനിലേക്ക് ബഹുജന മാർച്ച് നടത്തി.
വൈദ്യുതി ഷോക്കുണ്ടെന്ന് കോവൂർ കെഎസ്ഇബി ഓഫീസിൽ വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്തതാണ് മുഹമ്മദ് റിജാസിൻ്റെ മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബത്തിൻ്റെയും നാട്ടുകാരുടെയും ആരോപണം. പ്രാഥമിക അന്വേഷണത്തിലും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും വീഴ്‌ച കണ്ടെത്തിയിരുന്നു. എന്നിട്ടും മതിയായ നഷ്‌ടപരിഹാരമോ കുറ്റക്കാർക്കെതിരെ നടപടിയോ എടുക്കാത്തതാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം ആസൂത്രണം ചെയ്യാൻ കാരണം.
രാവിലെ 10 മണിയോടെ കോഴിക്കോട് ഗാന്ധി റോഡ് ജംഗ്ഷനിൽ നിന്നും നിരവധി പേർ അണിനിരന്ന മാർച്ച് ആരംഭിച്ചു. മാർച്ച് വൈദ്യുത ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എം.കെ രാഘവൻ ഉദ്ഘാടനം ചെയ്‌തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. പി കെ ഫിറോസ്, അഡ്വ ഫാത്തിമ തഹ്‌ലിയ, കെ മൂസ മൗലവി, മുസ്‌തഫ കൊമ്മേരി, ടി കെ മാധവൻ, എം സി സൈനുദ്ദീൻ, തുടങ്ങി വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംസാരിച്ചു.
Also Read: കെഎസ്ഇബി ടവർ ലൈനിൽ നിന്നും ഷോക്കേറ്റ 12 വയസുകാരന്‍ മരിച്ചു